തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 78.21 ശതമാനം (രാത്രി 8 മണി വരെ) പോളിങ് രേഖപ്പെടുത്തി. കല്‍പ്പറ്റ നഗരസഭയില്‍ 77.26 ശതമാനവും മാനന്തവാടി നഗരസഭയില്‍ 78.68 ശതമാനവും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ 77.48 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിലെ ബൂത്തുകളില്‍ 78.69 ശതമാനവും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്പഞ്ചായത്തിലെ ബൂത്തുകളില്‍ 79.21 ശതമാനവും കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്തിലെ ബൂത്തുകളില്‍ 80.80 ശതമാനവും പനമരം ബ്ലോക്ക്പഞ്ചായത്തിലെ ബൂത്തുകളില്‍ 75.14 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. 2020 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പോളിങ് ശതമാനം 79.47 ശതമാനമായിരുന്നു. നഗരസഭകളില്‍ 79.48 ശതമാനവും പഞ്ചായത്തുകളില്‍ ആകെ 79.46 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയത്.
ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലുമായി സജ്ജീകരിച്ച 828 ബുത്തുകളില്‍ ആകെ 6,47,378 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പത്ത് ശതമാനം വോട്ടര്‍മാരും ബൂത്തുകളിലെത്തിയിരുന്നു. 11 നകം പോളിങ് ശതമാനം 25 കടന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ആകെ വോട്ടര്‍മാരുടെ പകുതിയിലധികം പേര്‍ ബൂത്തുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് ശേഷം പോളിങ് പലയിടങ്ങളിലും മന്ദഗതിയിലായിരുന്നെങ്കിലും വൈകിട്ടോടെ കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. വൈകിട്ട് അഞ്ച് കഴിഞ്ഞപ്പോള്‍ വോട്ടിങ് ശതമാനം 75 കടന്നു. പലയിടങ്ങളിലും ആറ് മണിക്ക് ശേഷവും വോട്ടര്‍മാര്‍ ക്യൂവിലുണ്ടായിരുന്നതിനാല്‍ പോളിങ് നീണ്ടു. ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍ ദിവസം തപാല്‍ വോട്ടുകളുടെ എണ്ണം കൂടി കൂട്ടുമ്പോള്‍ അന്തിമ പോളിങ് ശതമാനത്തില്‍ മാറ്റം വരും.
വോട്ടിങ് പൂര്‍ത്തിയാക്കി സീല്‍ ചെയ്ത ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ രാത്രിയോടെയാണ് ജില്ലയിലെ ഏഴ് സ്വീകരണ കേന്ദ്രങ്ങളില്‍ എത്തിച്ചത്. റിട്ടേണിങ് ഓഫീസര്‍മാര്‍ ഏറ്റുവാങ്ങിയ വോട്ടിങ് മെഷീനുകള്‍ പ്രത്യേകം സജ്ജീകരിച്ച സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. അതീവ സുരക്ഷയില്‍ സ്‌ട്രോങ്ങ് റൂമുകളില്‍ സൂക്ഷിക്കുന്ന മെഷീനുകള്‍ ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍ ദിവസം രാവിലെ പുറത്തെടുക്കും.
189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് വിജയകരം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ 189 പോളിങ് ബൂത്തുകളില്‍ സജ്ജീകരിച്ച വെബ്കാസ്റ്റിങ് സംവിധാനം വിജയകരമായി. ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ തത്സമയം നിരീക്ഷിച്ച് തിരക്ക് കൂടിയ ബൂത്തുകളില്‍ നിയോഗിച്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ബൂത്തുകളിലെ തിരക്ക് അറിയിക്കാന്‍ വെബ്കാസ്റ്റിങ് പ്രയോജനകരമായി. ചില ബൂത്തുകളിലെ വോട്ടിങ് മെഷീനുകള്‍ തകരാറിലായത് തത്സമയ ദൃശ്യങ്ങളിലൂടെ കണ്ടെത്തി പരിഹരിച്ചത് സുഗമമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ സാധിച്ചു.
കല്‍പ്പറ്റ ബ്ലോക്കില്‍ 69 ബൂത്തുകളിലും പനമരത്ത് 32 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരിയില്‍ 25 ബൂത്തുകളും മാനന്തവാടിയില്‍ 63 ബൂത്തുകളിലുമാണ് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയത്. 4-ജി സി.സി.ടി.വി ക്യാമറകളിലൂടെ ലഭിച്ച ദൃശ്യങ്ങള്‍ കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ തത്സമയം നിരീക്ഷിച്ചത്. ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കിയിരുന്നു. വിവിധ വകുപ്പുകളില്‍ നിന്നായി 63 ഉദ്യോഗസ്ഥരാണ് വെബ്കാസ്റ്റിങ് സംവിധാനം നിയന്ത്രിച്ചത്. ബൂത്തുകളില്‍ സ്ഥാപിച്ച ക്യാമറകള്‍ പോളിങ് പൂര്‍ത്തിയായ ശേഷം കണ്‍ട്രോള്‍ റൂമില്‍ തിരിച്ചെത്തിച്ച് കെല്‍ട്രോണിന് കൈമാറും.








