മൂന്ന് ദിവസത്തെ ‘ഗോട്ട് ടൂർ’ പരിപാടിയിൽ പങ്കെടുക്കാൻ ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി ഇന്ത്യയിലേക്ക്. ഡിസംബർ 13, 14, 15 തീയതികളിൽ നാല് നഗരങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏറെ തിരക്കേറിയ ഷെഡ്യൂളിലാണ് മെസിയുടെ ഇന്ത്യ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഉൾപ്പെടെ നിരവധി പരിപാടികൾ അദ്ദേഹത്തിന്റെ ഷെഡ്യൂളിലുണ്ട്. ബാഴ്‌സലോണയിലും ഇന്റർ മയാമിയിലും മെസിയുടെ സഹതാരമായ ഇതിഹാസ സ്‌ട്രൈക്കർ ലൂയിസ് സുവാരസും ഫിഫ ലോകകപ്പ് ജേതാവ് റോഡ്രിഗോ ഡി പോളും ഗോട്ട് ടൂറിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നുണ്ട് എന്നതാണ് സവിശേഷത.
പൊതുജനങ്ങൾക്ക് മുന്നിൽ മെസി എത്തുന്ന ഗോട്ട് ടൂറിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. മിക്ക നഗരങ്ങളിലും ടിക്കറ്റ് വില ഏകദേശം 4,500 രൂപ മുതലാണ് ആരംഭിക്കുന്നത്. എന്നാൽ, മുംബൈ ടൂറിന് മാത്രം ഏകദേശം ഇരട്ടിയോളമാണ് ടിക്കറ്റ് നിരക്ക്. റിപ്പോർട്ടുകൾ പ്രകാരം മുംബൈ ടൂറിന്റെ ടിക്കറ്റ് നിരക്ക് 8,250 രൂപ മുതലാണ് ആരംഭിക്കുന്നത്. മയാമിയിൽ നിന്നാണ് മെസി ഇന്ത്യയിലേയ്ക്ക് വരുന്നത്. ദീർഘദൂര യാത്രയായതിനാൽ അദ്ദേഹം ദുബായിൽ ഒരു ചെറിയ സ്റ്റോപ്പ് എടുത്ത ശേഷം പുലർച്ചെ 1:30ന് കൊൽക്കത്തയിൽ എത്തും.








