തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചവർ ഡിസംബർ 21ന് അധികാരമേൽക്കും. ഭരണസമിതിയുടെ കാലാവധി 20ന് അവസാനിക്കുന്ന എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും 21ന് പുതിയ അംഗങ്ങൾ ചുമതല ഏൽക്കണമെന്നാണ് സർക്കാർ ഉത്തരവ്.
ആറ് പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, ഒരു മുനിസിപ്പാലിറ്റി എന്നിവ ഒഴികെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും കാലാവധി 20നാണ് അവസാനിക്കുക.
കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ വ്യവസ്ഥ പ്രകാരം പൊതു അവധി ദിവസങ്ങളിൽ പഞ്ചായത്ത്, മുനിസിപ്പാലിറ്റി യോഗങ്ങൾ ചേരാൻ പാടില്ലായിരുന്നു.
21 ഞായറാഴ്ച പൊതു അവധി ദിവസമാണ്. ഈ സാഹചര്യത്തിൽ ഞായറാഴ്ച യോഗം ചേരാനാകാതെ വന്നാൽ ഒരു ദിവസത്തേക്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തേണ്ടി വരും. ഈ പ്രതിസന്ധി മറികടക്കാൻ ചട്ടഭേദഗതിയിലൂടെ പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യോഗത്തിന് ഒഴിവ് ദിനം ബാധകമല്ലാതാക്കിയിട്ടുണ്ട്.








