വരും വർഷവും സ്വർണ വിലയില്‍ മുന്നേറ്റം പ്രവചിച്ച് ഗോൾഡ്മാൻ സാക്സ്. 2026 ഡിസംബറോടെ സ്വർണവില 14 ശതമാനം ഉയർന്ന് ഒരു ഔൺസിന് 4900 ഡോളറിലെത്തുമെന്നാണ് പ്രവചനം. സ്വകാര്യ നിക്ഷേപകരിലേക്ക് വൈവിധ്യവൽക്കരണം വ്യാപിക്കുന്നത് മൂലം ഇതിനേക്കാൾ ഉയർന്ന വിലയ്ക്ക് സാധ്യതയുണ്ടെന്നും വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടില്‍ ബാങ്ക് ചൂണ്ടിക്കാട്ടുന്നു. 2026ലെ ചരക്കുവിപണി പ്രവചനങ്ങൾ ചർച്ച ചെയ്യുന്ന റിപ്പോർട്ടിൽ, കേന്ദ്രബാങ്കുകളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ഉയർന്ന ആവശ്യകത, യുഎസ് ഫെഡറൽ റിസർവിന്റെ പലിശനിരക്ക് തുടങ്ങിയവയും സ്വർണവില ഉയർത്തിയേക്കുമെന്നും ഗോൾഡ്മാൻ സാക്സ് പറയുന്നു.
സ്വർണത്തിൽ ദീർഘകാല നിക്ഷേപം തുടരാനും ബാങ്ക് ശുപാർശ ചെയ്യുന്നു. ഇന്ന് അന്താരാഷ്ട്ര വിപണയില്‍ ഏകദേശം 4340 ഡോളർ എന്ന നിലവാരത്തിലാണ് സ്വർണ വില്‍പ്പന നടക്കുന്നത്. വില 4900 ത്തിലേക്ക് എത്തുകയാണെങ്കില്‍ നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് പവന് ഏകദേശം 1.15 ലക്ഷത്തോളം രൂപ നല്‍കേണ്ടി. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഇടിയുകയാണെങ്കില്‍ ഈ നിരക്കില്‍ നിന്നും വില വീണ്ടും മുകളിലേക്ക് ഉയരും.
ചെമ്പിന്റെ വില 2026ൽ ഏകീകരിക്കപ്പെട്ടേക്കാമെന്നും മെട്രിക് ടണ്ണിന് ശരാശരി 11,400 ഡോളർ എന്നതായിരിക്കാമെന്നും ബാങ്ക് പ്രവചിക്കുന്നു. താരിഫ് അനിശ്ചിതത്വം 2026 മധ്യത്തോടെ തുടരുമെന്ന അടിസ്ഥാനത്തിലാണ് ഈ കണക്ക്. 2027ൽ റിഫൈൻഡ് ചെമ്പിന് യുഎസ് താരിഫുകൾ ഏർപ്പെടുത്തിയേക്കാമെന്ന പ്രഖ്യാപനം വരെ ഇത് നീളുമെന്നാണ് കണക്കാക്കുന്നത്.








