ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ ഡെലിവറികൾ പ്രത്യേകിച്ചും ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട തടസ്സം നേരിടേണ്ടി വന്നേക്കാം
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയനും, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സും ചേർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളിൽ നിന്നും പ്രധാന ടയർ-2 നഗരങ്ങളിൽ നിന്നുമുള്ള ഡെലിവറി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്.
ഡെലിവറി സമയം വേഗത്തിലാക്കണമെന്ന ആവശ്യം വർദ്ധിച്ചു വരുന്നുണ്ടെങ്കിലും അതിന് അനുസൃതമായി തൊഴിലാളികൾക്ക് ന്യായമായ വേതനമോ സ്ഥിരമായ തൊഴിൽ സാഹചര്യങ്ങളോ ലഭിക്കുന്നില്ലെന്ന് യൂണിയൻ നേതാക്കൾ പറയുന്നു.
’10 മിനിറ്റ് ഡെലിവറി’ എന്ന രീതി അവസാനിപ്പിക്കണം എന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. ഇതിനു പുറമേ സുതാര്യമായ വേതനം, അപകട ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയും ആവശ്യപ്പെടുന്നു. നിർബന്ധിത വിശ്രമ ഇടവേളകളും ന്യായമായ ജോലി സമയവും. സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സുരക്ഷാ നടപടികൾ. ജോലിസ്ഥലത്ത് ബഹുമാനവും, ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള മാനുഷികമായ പെരുമാറ്റവും തൊഴിലാളികൾ ആഗ്രഹിക്കുന്നു.








