സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുകയാണ്. 250 രൂപയിലധികമാണ് 1 കിലോ കോഴിയിറച്ചി ലഭിക്കാൻ കേരളത്തിൽ നൽകേണ്ടി വരുന്നത്. രണ്ടാഴ്ച മുമ്പ് കോഴിക്കോട് ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപ ആയിരുന്നു വില. അതോടൊപ്പം, സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും പുതുവല്‍സര ദിനത്തിലെ കോഴിയിറച്ചി വില്‍പനയെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. മാത്രമല്ല ന്യൂ ഇയർ ദിവസം വലിയ കുതിച്ചു ചാട്ടമുണ്ടായെന്ന കണക്കുകളും പുറത്തുവന്നിരുന്നു. സാധാരണ ദിവസങ്ങളിൽ ഹോട്ടലുകളിലേക്കും വീടുകളിലേക്കുമുൾപ്പെടെ ഒരു ദിവസം ശരാശരി 22 ലക്ഷം കിലോ ആണ് വിൽപ്പന നടത്താറുള്ളത്. ഇതിൽ സീസൺ അനുസരിച്ച് ചെറിയ വ്യത്യാസമുണ്ടാകാറുണ്ട്. എന്നാൽ, പുതുവർഷത്തലേന്ന് 32 ലക്ഷം കിലോ കോഴിയിറച്ചിയാണ് കേരളത്തിൽ വിറ്റു പോയത്.
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയിൽ ഒന്നര ലക്ഷം കിലോ ഇറച്ചിയോളം വിൽപ്പന നടത്തിയിരുന്നു. 84,000 കിലോ കോഴിയറിച്ചി വിൽപ്പന നടത്തിയ വയനാടാണ് ലിസ്റ്റിൽ ഏറ്റവും പിന്നിൽ. മൂന്നര ലക്ഷം കിലോ ഇറച്ചി വിറ്റ മലപ്പുറം, എറണാകുളം, കോഴിക്കോട് ലിസ്റ്റിൽ ആദ്യ ഇടം നേടിയിട്ടുള്ളത്. എന്നാല്‍ വിലക്കയറ്റം ഇത് പോലെ തുടര്‍ന്നാല്‍ സാധാരണ ഉപഭോക്താക്കൾ വലിയ പ്രതിസന്ധിയിലാകും. സിവില്‍ സപ്ലൈസ് വിഭാഗം കര്‍ശനമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കട അടപ്പ് സമരത്തിലേക്ക് വരെ പോകുമെന്ന് കോഴിക്കോട്ടെ ചിക്കന്‍ വ്യാപാരി വ്യവസായി സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.








