ആലപ്പുഴ: സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷക്കാരന്‍റെ സഞ്ചിയില്‍ നിന്നും ലഭിച്ചത് നാലരലക്ഷം രൂപ. ചാരൂംമൂട്ടിലും പരിസര പ്രദേശങ്ങളിലുമായി ഭിക്ഷാടനം നടത്തിവരുന്ന വ്യക്തിയുടെ സഞ്ചികളില്‍ നിന്നാണ് 452207 രൂപയോളം കണ്ടെത്തിയത്. തിങ്കളാഴ്ച സന്ധ്യയോടെയായിരുന്നു അപകടം. സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ അനില്‍ കിഷേർ, തൈപ്പറമ്പില്‍, കായംകുളം എന്ന മേല്‍വിലാസമാണ് ഇദ്ദേഹം നല്‍കിയിരുന്നത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. എന്നാല്‍ തുടർ ചികിത്സയ്ക്ക് തയ്യാറാകാതെ രാത്രിയോടെ ആശുപത്രിയില്‍ നിന്നും ഇറങ്ങിപ്പോയി. പിന്നീട് ചൊവ്വാഴ് രാവിലെയോടെ ഇയാളെ ചാരുംമൂട് നഗരത്തിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ നൂറനാട് പൊലീസ് മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കടത്തിണ്ണയില്‍ മൃതദേഹത്തിന് സമീപം ഉണ്ടായിരുന്ന സഞ്ചികള്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് പരിശോധിച്ചപ്പോഴായിരുന്നു പണം കണ്ടെത്തിയത്. പ്ലാസ്റ്റിക് ടിന്നുകളിലും പഴ്സുകളിലുമായിരുന്നു പണം സൂക്ഷിച്ചിരുന്നത്.








