ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ യുഎസ് ഏർപ്പെടുത്തിയ ഉയർന്ന തീരുവ കാരണം മോദിക്ക് തന്നോട് നീരസമുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുത്തനെ വെട്ടിക്കുറച്ചതായും ട്രംപ് അവകാശപ്പെട്ടു.
“എനിക്ക് മോദിയുമായി വളരെ നല്ല ബന്ധമുണ്ട്. പക്ഷേ അദ്ദേഹം എന്നോട് അത്ര ഹാപ്പിയല്ല. കാരണം അവർ ഇപ്പോൾ ധാരാളം തീരുവ അടയ്ക്കുന്നുണ്ട്. എന്നാൽ അവർ റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് ഗണ്യമായി കുറച്ചു”- മോദി വ്യക്തിപരമായി താനുമായി കൂടിക്കാഴ്ച നടത്തിയെന്നും ട്രംപ് അവകാശപ്പെട്ടു.
ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവയാണ് ചുമത്തിയത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് തുടരുന്നതുമായി ബന്ധപ്പെട്ട 25 ശതമാനം അധിക തീരുവയും ഇതിൽ ഉൾപ്പെടുന്നു. റഷ്യയുമായുള്ള ഊർജ്ജ വ്യാപാരത്തിൽ നിന്ന് രാജ്യങ്ങളെ തടയാനുള്ള യുഎസിന്‍റെ സമ്മർദ തന്ത്രത്തിന്‍റെ ഭാഗണിത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇനിയും കുറച്ചില്ലെങ്കിൽ ഇന്ത്യ കൂടുതൽ പിഴ ഒടുക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്








