2025ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ ആസ്തി മേഖലകളാണ് വെള്ളിയും സ്വര്‍ണവും. മുന്‍ വര്‍ഷം വെള്ളി വിലയില്‍ 160 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍ സ്വര്‍ണ വില 70 ശതമാനമാണ് വര്‍ധിച്ചത്. പോയവർഷത്തിന്‍റെ തുടർച്ചയായി 2026ലും വെള്ളിയുടെയും സ്വര്‍ണത്തിന്റെയും കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025ല്‍ ലഭിച്ചതു പോലുള്ള അസാധാരണമായ നേട്ടം പ്രതീക്ഷിക്കാനാകില്ലെങ്കിലും വെള്ളിയുടെയും സ്വര്‍ണത്തിന്റെയും വില വീണ്ടും ഉയരുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
വെള്ളി എന്ന വെളുത്ത സ്വര്‍ണം
വെള്ളി വിലയിലെ ശക്തമായ മുന്നേറ്റം തുടരാന്‍ സാധ്യതയുണ്ടെന്നാണ് ഗോള്‍ഡ് സില്‍വര്‍ വിലയിലെ അനുപാതം നല്‍കുന്ന സൂചന. ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങുന്നതിന് എത്ര ഔണ്‍സ് വെള്ളി ആവശ്യമായി വരുമെന്നതാണ് ഗോള്‍ഡ് സില്‍വര്‍ അനുപാതം സൂചിപ്പിക്കുന്നത്. ഈ ലോഹങ്ങള്‍ ചെലവേറിയതാണോ എന്ന് നിര്‍ണയിക്കാന്‍ ഉപയോഗിക്കപ്പെടുന്ന ഒരു പ്രധാന മാനദണ്ഡമാണിത്. ഗോള്‍ഡ് സില്‍വര്‍ റേഷ്യോ ഉയര്‍ന്ന നിലയിലാകുമ്പോള്‍ സ്വര്‍ണത്തേക്കാള്‍ ചെലവ് കുറഞ്ഞതാണ് വെള്ളി എന്ന് കണക്കാക്കും. ഗോള്‍ഡ് സില്‍വര്‍ റേഷ്യോ നിലവില്‍ 60 ആണ്. അതായത് ഒരു ഔണ്‍സ് സ്വര്‍ണം വാങ്ങുന്നതിന് 60 ഔണ്‍സ് വെള്ളി ആവശ്യമായി വരുന്നു.
ഡിസംബര്‍ ആദ്യം 72 ആയിരുന്ന ഗോള്‍ഡ് സില്‍വര്‍ റേഷ്യോ ഡിസംബര്‍ അവസാനം 60 ആയി. ഇതിനിടയില്‍ വെള്ളിയുടെ വിലയിലുണ്ടായ വര്‍ധന 35 ശതമാനമാണ്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വിലകള്‍ തമ്മിലുള്ള അനുപാതത്തിന്റെ ഇതുവരെയുള്ള ശരാശരി 50:1 ആണ്. ഈ നിലയിലേക്ക് എത്തണമെങ്കില്‍ വെള്ളിയുടെ വില ഇനിയും ഉയരേണ്ടതുണ്ട്. 72ല്‍ നിന്നും 60ലേക്ക് എത്തുന്നതിനിടയില്‍ വെള്ളി വില 35 ശതമാനം ഉയര്‍ന്നത് കണക്കിലെടുക്കുമ്പോള്‍ ഇത് 50ലേക്ക് എത്തുമ്പോഴേക്കും ഗണ്യമായ വര്‍ധന തുടര്‍ന്നും വെള്ളി വിലയില്‍ പ്രതീക്ഷിക്കാം.








