ചീരാൽ മുണ്ടക്കൊല്ലി വലത്തൂർവയലിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കർണാടകയിലെ മൈസൂർ നഞ്ചൻകോട് സ്വദേശി മഹാദേവ ഷെട്ടി(45)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട്ടിൽ ജോലിക്കായി എത്തിയ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ ബത്തേരി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ചീരാൽ മുണ്ടക്കൊല്ലി വല്ലത്തൂർ വയലിലെ തോട്ടിൽ വെള്ളിയാഴ്ച്ച രാവിലെ കാപ്പി പറിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തോട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. ഫോറൻസിക് ,വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. നാലു ദിവസം മുമ്പ് മൈസൂരിൽ നിന്ന് ജോലിക്കായ് വയനാട്ടിലെത്തിയ ഇയാളെ കാണാനില്ലെന്ന് ബന്ധുക്കൾ ബത്തേരി പോലീസിൽ പരാതി നൽകിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെ പോലീസ് ഇവരെ വിവരമറിയിച്ചു. ബന്ധുക്കൾ ആദ്യം നൂൽപ്പുഴ സ്റ്റേഷനിലെത്തി ഇയാളുടെ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു. പിന്നീട് താലൂക്ക് ആശുപത്രിയിലെത്തി ഇയാളുടെ മകൻ അപ്പു മൃതദേഹം പിതാവിൻ്റേതാണെന്ന് സ്ഥിരികരിച്ചു.








