കണ്ണൂർ: കാമുകനൊപ്പം ജീവിക്കാൻ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞ് കൊന്നകേസിൽ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. അതേസമയം, ശരണ്യയുടെ സുഹൃത്ത് നിധിനെ വിട്ടയച്ചു. കൊലപാതകത്തിൽ നിധിനുമേൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.
തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. ശരണ്യക്കുള്ള ശിക്ഷ ഉച്ചയ്ക്കു ശേഷമാവും വിധിക്കുക. നിധിനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാൻ രാത്രി കടലിലെറിഞ്ഞെന്നാണ് കേസ്.
കണ്ണൂർ തയ്യിലിൽ 2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന ഒന്നര വയസ്സുകാരൻ വിയാനെ കാണാതായതും തിരച്ചിലിൽ കടപ്പുറത്തു മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. കൊലപാതക പ്രേരണയിലും ഗൂഢാലോചനയിലുമുള്ള കാമുകൻ നിധിൻ്റെ പങ്കും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
അറസ്റ്റ് നടന്ന് തൊണ്ണൂറാം ദിവസമാണു പൊലീസ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 47 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. മാസങ്ങൾ നീണ്ട നിയമനടപടികൾക്കും വിചാരണക്കും ശേഷമാണ് കേസിൽ കോടതി ഇന്ന് വിധി പറഞ്ഞത്.








