ഖത്തറിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഉയർന്ന പഞ്ചസാര അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുമായി മധുര പാനീയങ്ങളുടെ എക്സൈസ് നികുതി പരിഷ്കരിക്കുന്നു. 2026 ജൂലൈ 6 മുതൽ പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ വരുമെന്ന് ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു. നിലവിലുള്ള 2018-ലെ എക്സൈസ് നികുതി നിയമത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. നേരത്തെ പാനീയങ്ങളുടെ വിലയെ അടിസ്ഥാനമാക്കിയായിരുന്നു നികുതി കണക്കാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ പാനീയത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അനുസരിച്ചായിരിക്കും നികുതി ഈടാക്കുക.
കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾക്ക് കൂടുതൽ നികുതി നൽകേണ്ടി വരും. സോഫ്റ്റ് ഡ്രിങ്കുകൾ, പഞ്ചസാര ചേർത്ത ജ്യൂസുകൾ എന്നിവയ്ക്ക് പുറമെ മധുര പാനീയങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന പൗഡറുകൾ, സിറപ്പുകൾ, കോൺസെൻട്രേറ്റുകൾ എന്നിവയ്ക്കും ഈ നിയമം ബാധകമാണ്. പൊതുജനാരോഗ്യത്തിന് മുൻഗണന നൽകുന്ന ഖത്തറിന്റെ ദേശീയ നയത്തിന്റെ ഭാഗമായാണ് ഈ നടപടി. അമിതമായി മധുരം ഉപയോഗിക്കുന്നത് കുറയ്ക്കുകയും അതുവഴി പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. പാനീയങ്ങളിൽ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കാനും ഈ നീക്കം സഹായിക്കും. ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് പ്രധാന ലക്ഷ്യം.








