തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാനിരിക്കെ, അത്യന്തം ജാഗ്രത പാലിക്കാൻ പ്രവർത്തകർക്കും ഏജന്റുമാർക്കും യുഡിഎഫ് നേതൃത്വം കർശന നിർദ്ദേശം നൽകി. ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.
ഓരോ ബൂത്തിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വ്യക്തമാക്കുന്ന ‘ഫോം 17 സി’ രേഖകൾ സമാഹരിച്ച് ജില്ലാതലത്തിൽ പരിശോധിക്കാൻ യുഡിഎഫ് തീരുമാനിച്ചു. ഏജന്റുമാർക്ക് ഉദ്യോഗസ്ഥർ നൽകിയ ഈ ഔദ്യോഗിക രേഖയിലെ കണക്കുകളും വോട്ടിംഗ് യന്ത്രത്തിലെ കണക്കുകളും ഒത്തുനോക്കി മാത്രമേ വോട്ടെണ്ണൽ പുരോഗമിക്കാവൂ എന്ന് നിർദ്ദേശമുണ്ട്.
ഇതിൽ എന്തെങ്കിലും വ്യത്യാസം കണ്ടാൽ ഉടൻ തന്നെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രതിഷേധം അറിയിക്കാനും നിയമപരമായ നടപടികൾ സ്വീകരിക്കാനും ഏജന്റുമാരെ ചട്ടംകെട്ടിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളുടെ സുരക്ഷയിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടു. സ്‌ട്രോങ്ങ് റൂമുകളിലെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കുന്ന കൺട്രോൾ റൂമുകളിൽ മുഴുവൻ സമയവും സ്ഥാനാർത്ഥികളുടെ പ്രതിനിധികളെ ഇരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കത്ത് നൽകി.








