ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65 രൂപ കുറഞ്ഞ് 14,025 രൂപയായി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 520 രൂപ കുറഞ്ഞ് 1,12,200 രൂപയായി. വില കുറഞ്ഞതു സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്തയാണിത്. 22 കാരറ്റിന് സമാനമായ വിലയിടിവ് 24 കാരറ്റിലും 18 കാരറ്റിലും ഉണ്ടായിട്ടുണ്ട്. 18 കാരറ്റില്‍ ഗ്രാമിന് 55 രൂപയും പവന് 440 രൂപയുടേയും ഇടിവാണ് ഉണ്ടായത്. ഇതോടെ ഗ്രാം, പവന്‍ വില യഥാക്രമം 11,525 രൂപയും 92,200 രൂപയുമായി.
പശ്ചിമേഷ്യയിലെ ഇറാന്‍-അമേരിക്ക-ഇസ്രായേല്‍ സംഘര്‍ഷം അയവിലേക്ക് പോകുമെന്ന പ്രതീക്ഷകള്‍ അന്താരാഷ്ട്ര വിപണികളില്‍ പ്രതിഫലിക്കുന്നുണ്ട്. സമീപകാലത്ത് ഈ മേഖലയില്‍ ഉണ്ടായ സൈനിക നീക്കങ്ങളും മിസൈല്‍ ആക്രമണങ്ങളും ആഗോള വിപണികളെ ഭീതിയിലാഴ്ത്തിയിരുന്നു. എണ്ണ വില ഉയരുകയും, പണപ്പെരുപ്പ ഭീതി വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിക്ഷേപകര്‍ സുരക്ഷിതമായ സ്വര്‍ണം പോലുള്ള ആസ്തികളിലേക്ക് തിരിയുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമാധാന ചര്‍ച്ചകള്‍ക്കും വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉയര്‍ന്നതോടെ വിപണികളില്‍ നേരിയ ആശ്വസം ഉണ്ടായിരിക്കുകയാണ്








