മേപ്പാടിയില്‍ പ്രവര്‍ത്തനമാരംഭിച്ച നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. മാവേലി സ്റ്റോറുകള്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളായി മാറിയതോടെ ഭക്ഷ്യ പൊതു വിതരണ രംഗത്ത് പ്രകടമായ മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഉത്പന്നങ്ങള്‍ സ്വയം തെരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിനായാണ് മാവേലി സ്റ്റോറുകള്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്താകെ പൊതു വിപണിയില്‍ വിലക്കയറ്റം അനുഭവപ്പെട്ടപ്പോഴും സപ്ലൈകോ സ്റ്റോറുകളില്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധനവ് ഉണ്ടായിട്ടില്ല. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ഉത്പന്നങ്ങള്‍ സപ്ലൈകോ സ്റ്റോറുകളിലൂടെ വിലക്കുറവില്‍ വിതരണം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ ഗൃഹോപകരണങ്ങളും സ്റ്റോറുകളില്‍ ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തതിലൂടെ പൊതു ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം പകരാന്‍ സാധിച്ചിട്ടുണ്ടെന്നും, സംസ്ഥാനത്ത് 6 കോടിയിലധികം പേര്‍ക്കാണ് നിലവില്‍ ഭക്ഷ്യകിറ്റ് നല്‍കി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേപ്പാടി ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന മാവേലി സ്റ്റോറാണ് മികച്ച സൗകര്യങ്ങളോടെ നവീകരിച്ച് സപ്ലൈകോ സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തി കെ.ബി റോഡിലെ ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. മേപ്പാടിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശന്‍, വൈസ് പ്രസിഡന്റ് റംല ഹംസ, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.








