കൽപ്പറ്റ: നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സർക്കാർ
2400കോടിയിൽപരം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇത് സർവകാല റെക്കോഡാണെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . കർഷകരുടെയും തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും നാടാണ് വയനാട് ഈ ജനവിഭാഗങ്ങൾക്ക് മുന്തിയ പരിഗണനയാണ് സർക്കാർ നൽകിയത്. കാപ്പിക്ക് താങ്ങുവില നിശ്ചയിച്ച് 90 രൂപയ്ക്ക് ഘട്ടംഘട്ടമായി കർഷകരിൽ നിന്നും കാപ്പി വിലക്കെടുക്കും. കോഫീ പ്ലാന്റ് നിർമ്മിക്കുന്നത് വരെ കാപ്പി സംഭരിക്കാൻ ബ്രഹ്മഗിരിയെ ചുമതലപ്പെടുത്തി. ആദിവാസി മേഖലയിൽ പ്രത്യേക കരുതൽ തന്നെയാണ് ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 241 മെന്റർ ടീച്ചർമാരെയും, സ്പെഷൽ റിക്രൂട്ട്മെന്റ് വഴി പോലീസ്, എക്സസ് സേനകളിൽ 295 പേരെയും നിയമിച്ചു. കൂടാതെ ഗോത്ര ജീവിക പദ്ധതി പ്രകാരം ആദിവാസി വിഭാഗങ്ങൾക്കുള്ള തൊഴിൽ പരിശീലനം പരിപാടി ആരംഭിച്ചു. 500 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകി. ഈ ഭൂമിയിൽ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം 175 വീടുകളുടെ നിർമാണം ആരംഭിച്ചു. തോട്ടം തൊഴിലാളികളുടെ കൂലി 404.74 രൂപയായി വർധിപ്പിച്ചു. കാപ്പി തോട്ടങ്ങളിൽ ഇത് 409.74 രൂപയാണ്. അധ്വാനഭാരം വർധിപ്പിക്കാതെയാണ് കൂലിവർദ്ധനവ് നടപ്പിലാക്കിയത് എന്നത് ശ്രദ്ധേയമാണ്.തോട്ടം തൊഴിലാളികളുടെ ഭവന നിർമ്മാണ പദ്ധതിക്കും തുടക്കം കുറിച്ചു. കൽപറ്റ മണ്ഡലത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 4695 പേർക്ക് വീടുകൾ നൽകി നൽകി.
കല്പറ്റ മണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് റോഡുകളുടെ വികസനത്തിനായി 1500 കോടി രൂപ അനുവദിക്കുന്നത്. ഇതിൽ 1222 കോടി രൂപയും കിഫ്ബിയിൽ നിന്നാണ്. കൽപ്പറ്റ -വാരാമ്പറ്റ, പച്ചിലക്കാട്-മീനങ്ങാടി,മേപ്പാടി -ചൂരൽമല, പച്ചിലക്കാട് -അരുണപ്പുഴ മലയോര ഹൈവേ എന്നിവയാണ് പ്രധാന റോഡുകൾ. 1000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന മേപ്പാടി തുരങ്ക പാത നിലവിൽ വരുന്നതോടെ ബദൽ പാത എന്ന ആവശ്യം യാഥാർത്ഥ്യമാകുകയാണ്. കൽപ്പറ്റ ടൌൺ നവീകരണത്തിന് 22.64 കോടി രൂപ അനുവദിച്ചു .ഇതിൽ നഗരസഭയുടെ 2 കോടി രൂപ കഴിച്ച് ബാക്കി തുക മുഴുവൻ സർക്കാർ അനുവദിച്ചതാണ്. വിദ്യാഭ്യാസ മേഖലയിൽ കിഫ്ബിയിൽ നിന്നുള്ള 24 കോടിയടക്കം 47 കോടിയിൽപ്പരം രൂപയാണ് വിനിയോഗിച്ചത്. 5 കോടി രൂപ ചെലവഴിച്ച് കൽപ്പറ്റ GVHSS അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തി. മേപ്പാടി പോളിടെക്നിക്കിന് പുതിയ കെട്ടിടം നിർമ്മിച്ചു. കാർബൺ ന്യൂട്രൽ കോഫീ പാർക്കിന് 150 കോടി രൂപയാണ് അനുവദിച്ചത്. രണ്ട് വർഷങ്ങളിൽ ഉണ്ടായ പ്രളയത്തിൽ കെടുതി അനുഭവിച്ച 15893 ആളുകൾക്കായി നാശനഷ്ടങ്ങൾക്കനുസരിച്ചു 46.99 കോടി രൂപ അനുവദിച്ചു. ഇതിൽ 3270 പേർ വീടോ വീടും സ്ഥലവുമോ നഷ്ടപ്പെട്ടവരാണ്. കൽപ്പറ്റ ഗവ.കോളേജിൽ സിവിൽ സർവ്വീസ് കോച്ചിംഗ് സെന്റർ ആരംഭിച്ചു. കൽപ്പറ്റ ഗവ.കോളേജിലും മുട്ടിൽ WMO കോളേജിലും പുതിയ കോഴുകൾ ആരംഭിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെയും എണ്ണം 250 കിടക്കകൾക്കനുസൃതമായി വർധിപ്പിച്ചു. വയനാടിന്റെ കായിക സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ജില്ല. സ്റ്റേഡിയത്തിന്റെയും ഇൻഡോർ സ്റ്റേഡിയത്തിന്റെയും നിർമ്മാണം അന്തിമഘട്ടത്തിലാണ്. 15.45 കോടി രൂപ കൽപ്പറ്റ ജനറൽ ആശുപത്രിക്ക് മാത്രം അനുവദിച്ചു. ഇതിൽ 1.45 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നാണ്. മനുഷ്യ-വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിന് കിഫ്ബിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ 8 കി.മീ. ദൂരം ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ് നടത്താൻ 4.225 കോടി രൂപയുടെ പ്രവൃത്തി ടെണ്ടർ ചെയ്തുവെന്നും സി.കെ. ശശീന്ദ്രൻ എം.എൽ.എ. പറഞ്ഞു.