ഇന്ത്യയിലെ രാഷ്ട്രീയ മുന്നണികൾ കാലങ്ങളായി ഒറ്റുകൊടുക്കുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ സാമൂഹ്യനീതിക്കായുള്ള സമരമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റേതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്‌ദ റൈഹാൻ. വ്യത്യസ്തങ്ങളായ അവകാശപ്പോരാട്ടങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തുന്ന ഭരണകൂടങ്ങളോട് സന്ധിയില്ലാതെ പോരാടുമെന്നും അവർ കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി വയനാട് ജില്ലാ കമ്മറ്റി നൽകിയ സ്വീകരണ സമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഇന്ത്യയിലെ ജാതി-മത അടിസ്ഥാനത്തിലുള്ള രാഷ്ട്രീയം കാലങ്ങളായി പുറന്തള്ളിയവരായ ആദിവാസികളും ദലിതരും മുസ്‌ലിംകളും സംഘ്പരിവാറിനോടുള്ള പോരാട്ടത്തിൽ ഐക്യപ്പെടാതിരിക്കാനുള്ള തിരക്കഥകളാണ് ബിജെപി സ്പോൺസർ ചെയ്യുന്ന വർഗ്ഗീയ കലാപങ്ങളുടെ പിന്നിൽ വർത്തിക്കുന്നതെന്ന് സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിച്ച ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയേറ്റ് അംഗം വസീം ആർ.എസ് ആരോപിച്ചു. ഫ്രറ്റെണിറ്റി ജില്ലാ പ്രെസിഡന്റ് ദിവീന ഷിബു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രെസിഡന്റ്വ നജ്‌ദ റൈഹാനും വയനാട്ടിൽ നിന്നുള്ള ഫ്രറ്റെണിറ്റി സംസ്ഥാന സെക്രട്ടറി ലത്തീഫ് പിഎച്ചിനും വിവിധ സംഘടനാ ഭാരവാഹികൾ ഹാരാർപ്പണം നടത്തി. ബിജെപി സ്ഥാനാർത്ഥിത്വം നിരസിച്ചതിലൂടെ സാമൂഹ്യ ശ്രദ്ധ നേടിയ മാനന്തവാടി സ്വദേശി മണിക്കുട്ടൻ പണിയനെ പരിപാടിയിൽ വച്ച് ആദരിച്ചു. ലത്തീഫ് പി.എച്ച്, എസ്.എഫ് ഹരിത സംസ്ഥാന പ്രെസിഡന്റ് മുഫീദ തെസ്നി, വെൽഫെയർ പാർട്ടി ജില്ലാ പ്രെസിഡന്റ് വി മുഹമ്മദ് ശരീഫ്, വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ പ്രെസിഡന്റ് കെകെ റഹീന, സർവീസ് സംഘടനയായ അസറ്റ് പ്രതിനിധി സിദ്ധീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി ബത്തേരി ടൗണിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത സ്വീകരണ റാലി സംഘടിപ്പിച്ചു. ഫ്രറ്റെണിറ്റി ജില്ലാ വൈസ് പ്രെസിഡന്റ് ഹിഷാം പുലിക്കോടൻ സ്വാഗതവും ജില്ലാ ജനറൽ സെക്രട്ടറി നഈമ ആബിദ് സമാപനവും നിർവഹിച്ചു.








