മകളെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട്ടിലെ ആറു കുടുംബാംഗങ്ങളെ കൊലപ്പെടുത്തി അച്ഛന്റെ പ്രതികാരം. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ ജുട്ടട ഗ്രാമത്തിലാണ് സംഭവം. ബി രമണ (60), ബി ഉഷാറാണി (35), എ രമാദേവി (53), എൻ അരുണ (37), ഉദയ്കുമാർ (2), ബി ഉർവിഷ (ആറുമാസം) എന്നിവരെയാണ് അപ്പളരാജു എന്നയാൾ കൊലപ്പെടുത്തിയത്. പുല്ലുവെട്ടാന്‍ ഉപയോഗിക്കുന്ന ആയുധമാണ് ഇയാള്‍ കൊലയ്ക്കായി ഉപയോഗിച്ചത്.
വ്യാഴാഴ്ച രാവിലെയായിരുന്നു നടുക്കുന്ന സംഭവം. പൊലീസ് പ്രദേശത്തെത്തുമ്പോൾ ചോരയിൽ കുളിച്ച നിലയിലായിരുന്നു അപ്പളരാജു. ഇയാളുടെ മകളെ കൊല്ലപ്പെട്ട കുടുംബത്തിലെ വിജയ് എന്നയാൾ ബലാത്സംഗം ചെയ്തതായി പരാതിയുണ്ടായിരുന്നു. ഇതിന് പിന്നാലെ രണ്ട് കുടുംബങ്ങളും തമ്മിൽ കടുത്ത വൈരത്തിലായിരുന്നു. സംഭവം നടക്കുമ്പോൾ വിജയ് വീട്ടിലുണ്ടായിരുന്നില്ല. ബലാത്സംഗം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന വിജയ് ഒളിവിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.
2018ൽ തുടങ്ങിയ പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. കുടുംബങ്ങൾ തമ്മിൽ സ്വത്തു തർക്കമുണ്ടായിരുന്നതായും പറയപ്പെടുന്നു.