സംസ്ഥാനത്തെ ജനങ്ങളെല്ലാം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ചില ഫ്രീക്കന്മാർ ബൈക്കുമായി കറങ്ങാൻ ഇറങ്ങിയത്. അങ്ങനെ കറങ്ങിക്കറങ്ങി അവസാനം പോലീസിന്റെ പിടിയിലായി.പോലീസ് ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് ചില മുടന്തൻ ന്യായങ്ങളും.
പയ്യനങ്ങാടിയിലെ പരിശോധനയ്ക്കിടെയാണ് ഒരു ഫ്രീക്കൻ പോലീസിന്റെ പിടിയിൽ പെട്ടത്.വരുന്നത് കിലോമീറ്ററുകൾക്കപ്പുറം താനാളൂരിൽ നിന്നും. കാരണം ചോദിച്ചപ്പോൾ തക്കാളി വാങ്ങാനാണെന്ന്. ഫ്രീക്കന്റെ ബൈക്ക് ഉടൻ പോലീസ് സ്റ്റേഷനിൽ എത്തി. ഇയാളുടേതു മാത്രമല്ല. പുട്ടുപൊടി വാങ്ങാനായി വന്ന മറ്റൊരു ഫ്രീക്കന്റെ ബൈക്ക് കൂടി പോലീസ് സ്റ്റേഷനിൽ ഉണ്ട്.
താഴേപ്പാലത്ത് ബൈക്കുമായി എത്തിയ യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ ഓൺലൈൻ ക്ലാസ്സ് എടുക്കാൻ പോവുകയായിരുന്നു പോലും.വീട്ടിലിരുന്നല്ലെ ഓണ്ലൈൻ ക്ലാസ് എടുക്കേണ്ടത് എന്ന പോലീസിന്റെ ചോദ്യത്തിൽ ആ കള്ളം പൊളിഞ്ഞു.പെട്ടെന്ന് മുന്നിൽ പോലീസിനെ കണ്ട് വിറച്ച മറ്റൊരു യുവാവിന് പറയാൻ ഒരു നല്ല കള്ളം പോലും കിട്ടിയില്ല.
മറ്റൊരിടത്ത് ബർമുഡയും ധരിച്ചെത്തിയ ഫ്രീക്കനെ ചോദ്യം ചെയ്ത പോലീസിന് ലഭിച്ച മറുപടി സാധനം വാങ്ങാൻ വന്നതാണ് എന്നാണ്. എങ്കിൽ ഉമ്മയെ ഫോണിൽ വിളിച്ച് ലൗഡ്സ്പീക്കർ ഇട്ട് സാധനങ്ങളുടെ ലിസ്റ്റ് ചോദിക്കണമെന്നായി പോലീസ്. എന്നാൽ ‘എന്താണ് വാങ്ങേണ്ടത് ഉമ്മേ..?’ എന്ന യുവാവിന്റെ ചോദ്യത്തിന് ‘എന്തു വാങ്ങാൻ..?നീ എവിടേക്കാ പോയത്..?’ എന്ന മറുചോദ്യമായിരുന്നു ഉമ്മയുടെ മറുപടി!. ഇനി ഇയാൾക്ക് ബൈക്ക് തിരിച്ചു കിട്ടണമെങ്കിൽ ഉമ്മയുമായി വന്ന് പോലീസ് സ്റ്റേഷനിൽ കാത്തുനിൽക്കേണ്ടി വരും.
വൈലത്തൂരിൽ നിന്നും മരുന്നു വാങ്ങാനായി തിരൂരിൽ എത്തിയ യുവാവാണ് അടുത്ത താരം.ഇയാളുടെ കൈയിലുണ്ടായിരുന്ന മരുന്ന്കുറിപ്പടിയിലെ ഡോക്ടറുടെ നമ്പറിലേക്ക് പോലീസ് വിളിക്കുകയും ഈ മരുന്ന് തിരൂർ നഗരത്തിൽ മാത്രമേ കിട്ടുകയുള്ളൂ എന്ന് അന്വേഷിക്കുകയുമായിരുന്നു. എല്ലായിടത്തും കിട്ടും എന്ന ഡോക്ടറുടെ മറുപടി ലഭിച്ചതോടെ ഈ യുവാവിനെ തിരിച്ചുവിടുകയായിരുന്നു.