രാജസ്ഥാൻ ജില്ലയായ ദുൻഗർപുരിൽ ഏതാനും ദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 325 കുട്ടികൾക്ക്. ദൗസ ജില്ലയിലും സ്ഥിതി സമാനമാണെന്നാണ് റിപ്പോർട്ട്.19 വയസിൽ താഴെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജസ്ഥാനിലെ രണ്ടു ജില്ലകളിലും കൂടി 600ലധികം കുട്ടികൾക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കുട്ടികൾക്ക് വാക്സിൻ വിതരണം ആരംഭിക്കാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയായിരിക്കും ലക്ഷ്യം വയ്ക്കുകയെന്നും അതിനാൽ തന്നെ ആഘാതത്തിൽനിന്ന് രക്ഷപ്പെടുന്നതിന് മൂക്കിൽ ഇറ്റിക്കുന്ന വാക്സിൻ ഉടൻ വികസിപ്പിക്കണമെന്നും ദേശീയ ശിശു സംരക്ഷണ കമ്മിഷൻ അറിയിച്ചിരുന്നു.
രണ്ടാംതരംഗം യുവജനങ്ങളിലാണ് ആഘാതം സൃഷ്ടിച്ചതെങ്കിൽ മൂന്നാം തരംഗം കുട്ടികളിലാകും പിടിമുറുക്കുകയെന്ന് എൻസിപിസിആർ ചെയർപേഴ്സൺ പ്രിയാങ്ക് കാനൂഗോ ദേശീയ ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു.