സ്കൂൾ കാലത്ത് തങ്ങൾ അനുഭവിച്ച അധിക്ഷേപവും കടന്നുപോയ ദുരനുഭവങ്ങളും തുറന്ന് പറയുകയാണ് സോഷ്യൽ മീഡിയയിലെ പ്രമുഖർ . പിഎസ്ബിബി (പത്മ ശേഷാദ്രി ബാല ഭവൻ ) സ്കൂളിൽ ലൈംഗിക അതിക്രമത്തെ തുടർന്ന് അധ്യാപകനെ അറസ്റ്റ് ചെയ്ത വാർത്തയുടെ ചുവടുപിടിച്ചാണ് പ്രമുഖരടക്കം നിരവധി പേർ തങ്ങളനുഭവിച്ച ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.
ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തനിക്കുണ്ടായ ദുരാനുഭവങ്ങൾ പങ്കുവെക്കുകയാണ് മലയാളം തമിഴ് സിനിമകളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടി ഗൗരി കൃഷ്ണൻ.
ചെന്നൈ അഡ്യാറിലെ ഹിന്ദു സീനിയർ സെക്കൻഡറി സ്കൂളിലാണ് ഗൗരി കൃഷ്ണൻ പഠിച്ചത്. ജാതിയുടെ പേരിൽ നിരന്തരം അധിക്ഷേപങ്ങൾക്ക് താൻ ഇരയാകാറുണ്ടായിരുന്നെന്ന് ഗൗരി കൃഷ്ണ ഇൻസ്റ്റാഗ്രാമിലൂടെ തുറന്ന് പറഞ്ഞു. ബോഡി ഷെയ്മിംഗും, സ്ലട്ട് ഷെയ്മിംഗും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഗൗരി കൃഷ്ണൻ പറയുന്നു.
അതുകൊണ്ട് തന്നെ സ്കൂൾ കാലത്തെ കുറിച്ച് ആലോചിക്കുമ്പോൾ നൊസ്റ്റാൾജിയയ്ക്ക് ഉപരി ട്രോമയാണ് ഓർമവരുന്നതെന്നും ഗൗരി പങ്കുവച്ചു. എച്ച്എസ്എസ് വിദ്യാർത്ഥികളായിരുന്ന പലരും തന്റെ സമാന അനുഭവത്തിലൂടെയാണ് കടന്നുപോയിരുന്നതെന്നും ഗൗരി കൃഷ്ണൻ കൂട്ടിച്ചേർത്തു.
തങ്ങളുടെ സ്കൂൾകാല ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് എല്ലാവരും രംഗത്ത് വരണമെന്നും ഗൗരി അഭ്യർത്ഥിച്ചു.