പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അമിതവണ്ണം. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അധികകൊഴുപ്പാണ് പലപ്പോഴും അമിതവണ്ണത്തിന് കാരണമാകുന്നത്. വര്‍ക്കൗട്ട് ചെയ്യുന്നതിനൊപ്പം അമിത വണ്ണത്തെ കുറയ്ക്കാന്‍ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു.
ഇതിനായി വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതേസമയം പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താനും പാടില്ല. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.
നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിനായി ബ്രോക്കോഷി, ചീര, തക്കാളി ഒക്കെ അടങ്ങിയ സാലഡ് ദിവസവും കഴിക്കുന്നത് ശീലമാക്കാം. ഇവ വിശപ്പിനെ നിയന്ത്രിക്കുന്നതിനോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷകവും നല്‍കും.
വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഡ്രൈ ഫ്രൂട്ട്‌സുകള്‍. ദിവസവും അല്‍പം നട്‌സ് കഴിക്കാം. അതായത് ഉണക്കമുന്തിരിയും ബദാമുമൊക്കെ. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ ആരോഗ്യകരമാണ്. അതുപോലെതന്നെ അമിതവണ്ണത്തെ ചെറുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുട്ടയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീനുകളാല്‍ സമ്പന്നമായ മുട്ട വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കുന്നു.
അമിതമായ വിശപ്പിനെ നിയന്ത്രിക്കാന്‍ ആപ്പിള്‍ കഴിക്കുന്നതും നല്ലതാണ്. ദിവസവും ഒരു ആപ്പിള്‍ ശീലമാക്കുന്നത് ഏറെ ആരോഗ്യകരവുമാണ്. അതുപോലെതന്നെ ബീന്‍സ്, കടല തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമാക്കാം. ഇവയും അമിതമായ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.