കെ.എസ്.ആർ.ടി.സി.യിൽ സമ്പൂർണ കംപ്യൂട്ടർവത്‌കരണവും ഇ-ഗവേണൻസും നടപ്പാക്കുന്നതിന് സംസ്ഥാനസർക്കാർ 16.98 കോടിരൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി.മുഴുവൻ ബസുകളിലും ജി.പി.എസ്. സംവിധാനം നടപ്പാക്കി അതുമായി ബന്ധപ്പെടുത്തി പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം നടപ്പാക്കും.ഇതിലൂടെ ബസുകളുടെ ലൈവ് ട്രാക്കിങ് ആപ്പ് സേവനം ലഭ്യമാക്കും. ഓരോ റൂട്ടിലെയും ബസ് ഷെഡ്യൂൾ, റൂട്ട് മാറ്റങ്ങൾ, ബസിന്റെ തത്സമയ ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ യാത്രക്കാർക്ക് ലഭിക്കും. സർവീസിനിടെയുള്ള ബസിലെ സീറ്റ് ലഭ്യത ഏതുസമയത്തും യാത്രക്കാർക്ക് അറിയാൻകഴിയും. സ്‌പീഡ് കൃത്യമായി ലഭിക്കുന്നതിനാൽ ഓവർസ്പീഡ്, അലക്ഷ്യമായ ഡ്രൈവിങ് എന്നിവ നിരീക്ഷിക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും സാധിക്കും. ഓരോ ബസും സർവീസ് നടത്തിയ കൃത്യമായ ദൂരവും ലഭ്യമാകും.
സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി എല്ലാതരം ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും നാഷണൽ കോമൺ മൊബിലിറ്റി കാർഡും ബസിൽ ഉപയോഗിക്കാൻ സാധിക്കും. ടിക്കറ്റിങ് സംവിധാനം ജി.പി.എസുമായി ബന്ധപ്പെടുത്തുന്നതുവഴി ബസുകളിലെ തത്സമയ സീറ്റ് വിവരങ്ങൾ യാത്രക്കാരന് ലഭിക്കും.
ഭരണപരമായ കാര്യങ്ങൾക്ക് വേഗംപകരാൻ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്) പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. പ്രവർത്തനം കാര്യക്ഷമമാക്കാൻ ജീവനക്കാരും സർവീസ് നടത്തിപ്പുമായും ബന്ധപ്പെട്ട എല്ലാ അടിസ്ഥാനവിവരങ്ങളും കംപ്യൂട്ടർവത്‌കരിക്കുന്നതിലൂടെ ശാസ്ത്രീയമായ മാനേജ്മെന്റ് സംവിധാനം നിലവിൽവരും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആധുനിക കൺട്രോൾ സെന്റും ഹെൽപ്പ് ഡെസ്കും സജ്ജമാക്കും.
അഞ്ചുമാസത്തിനകം പൂർത്തിയാവും
ഇ-ഗവേണൻസ് പദ്ധതി അഞ്ചുമാസത്തിനകം പൂർത്തിയാക്കും. മാനേജിങ് ഡയറക്ടർ മനോജ് പ്രഭാകർ സമർപ്പിച്ച പദ്ധതിക്കായി തനത് ഫണ്ടിൽനിന്ന് 16.98 കോടിരൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.