കേരളാ കോൺഗ്രസ് നേതാവ് സി എഫ് തോമസ് എം എൽ എ വിട വാങ്ങി.ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാവിൽ ജീവിച്ചിരിക്കുന്നവരിൽ പ്രധാനി ആയിരുന്നു സി എഫ് എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന സി എഫ് തോമസ്. എറെ നാളായി രോഗ ബാധിതനായിരുന്നെങ്കിലും,തന്റെ പാർട്ടിയായ കേരളാ കോൺഗ്രസിന്റെ കാര്യങ്ങളിൽ തലേന്ന് വരെ കാര്യക്ഷമമായി ഇടപെട്ടിരുന്നു.
പി ജെ ജോസെഫിന്റെ നേതൃത്വം അംഗീകരിച്ചു മുന്നോട്ടു പോയ അദ്ദേഹം പി ജെ ജോസഫ് നയിക്കുന്ന കേരളാ കോൺഗ്രസിന്റെ ഡപ്യൂട്ടി ചെയർമാൻ ആയിരുന്നു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 40 കൊല്ലം എംഎൽഎയായി തുടർന്നു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.
എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. മങ്കൊമ്പ് പരുവപ്പറമ്പിൽ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവർ മക്കളും ലീന,ബോബി, മനു എന്നിവർ മരുമക്കളുമാണ്.
സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒൻപതു തവണയാണ് ചങ്ങനാശ്ശേരിക്കാർ തങ്ങളുടെ പ്രതിനിധിയായി നിയമസഭയിലെത്തിച്ചത്. 1980 മുതൽ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം.
ആധുനിക ചങ്ങനാശേരിയുെട മുഖ്യശില്പി എന്ന വിശേഷണം മറ്റാർക്കും അവകാശപ്പെടാനാവില്ല. 2001ലെ എ.കെ. ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും രജിസ്ട്രേഷൻ, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ചു.
വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്.
പി.ടി. ചാക്കോയിൽ അകൃഷ്ടനായി 1956ൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. വിമോചനസമരത്തിൽ പങ്കെടുത്തു. 1964ൽകേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ സി.എഫ് തോമസും കേരളാകോൺഗ്രസിലെത്തി. പാർട്ടിയുടെ ആദ്യത്തെ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി. പാർട്ടിയുടെ രൂപീകരണം മുതൽ കെ.എം മാണിയുടെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്ന അദ്ദേഹം ദീർഘകാലം കേരള കോൺഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറൽ സെക്രട്ടറിയുമായിരുന്നു.
ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം. എസ്.ബി കോളജിൽ നിന്ന് ബിരുദവും എൻഎസ്എസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടിയ അദ്ദേഹം 1962ൽ ചമ്പക്കുളം സെന്റ് മേരിസ് സ്കൂളിലും തുടർന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായി. 1980ൽ എംഎൽഎ ആകുംവരെ പതിനെട്ടുവർഷക്കാലം അധ്യാപകനായിരുന്നു.