ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആവേശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെതിരേ. മുംബൈ-ആര്‍സിബി പോരാട്ടം എന്നതിലുപരിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ എത്തുന്ന മത്സരം എന്ന സവിശേഷതയും ഈ പോരാട്ടത്തിനുണ്ട്. ഐപിഎല്ലിലെ കണക്കുകളില്‍ കോലിയേക്കാള്‍ നായക മികവ് രോഹിതിനാണ്. എന്നാല്‍ ഇത്തവണ മികച്ച ടീമുള്ള ആര്‍സിബി ചരിത്രം തിരുത്തുമോയെന്ന് കാത്തിരുന്ന് കാണാം. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ജയം തുടരാന്‍ മുംബൈ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് ആര്‍സിബിക്കെതിരേ ഇറങ്ങുന്നത്.ആദ്യ മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റ അവര്‍ രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. നായകന്‍ രോഹിത് ശര്‍മ ഫോം കണ്ടെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. യുഎഇയില്‍ ഇതുവരെ ജയിക്കാന്‍ സാധിക്കാതിരുന്ന മുംബൈ ആറ് തുടര്‍ തോല്‍വികള്‍ക്ക് ശേഷമാണ് കെകെആറിനെതിരേ വിജയം സ്വന്തമാക്കിയത്. ബാറ്റിങ് നിരയില്‍ മധ്യനിരയുടെ പ്രകടനം ടീമില്‍ മെച്ചപ്പെടാനുണ്ട്.
ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ആര്‍സിബി
കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ക്ഷീണം മറക്കാന്‍ ഇന്ന് ആര്‍സിബിക്ക് ജയം അനിവാര്യം. നായകന്‍ വിരാട് കോലിയും ആരോണ്‍ ഫിഞ്ചും ഫോമിലേക്കുയരാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. ആദ്യ രണ്ട് മത്സരത്തിലും ഇരുവരും നിരാശപ്പെടുത്തിയിരുന്നു. എബി ഡിവില്ലിയേഴ്‌സ് തരക്കേടില്ലാതെ കളിക്കുന്നുണ്ട്. എന്നാല്‍ മധ്യനിരയുടെ ദൗര്‍ബല്യം ടീമിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് പാര്‍ഥിവ് പട്ടേല്‍,മോയിന്‍ അലി എന്നിവര്‍ ബാറ്റിങ് നിരയിലേക്ക് എത്തേണ്ടത് അനിവാര്യമാണ്.