തരിയോട്: ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തരിയോട് നിര്‍മ്മല ഹൈസ്ക്കൂളില്‍ സ്കൂളിനു ചുറ്റും ലഹരി പ്രതിരോധ മതില്‍ നിര്‍മ്മിച്ചു. സ്കൂളിലേയ്ക്ക് ലഹരി കടത്തിവിടില്ലെന്ന പ്രതിജ്ഞയോടെയാണ് കുട്ടികളും അധ്യാപകരും അനധ്യാപകരും രക്ഷിതാക്കളും മതിലിന്റെ ഭാഗമായത്. തരിയോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍
ജോബി മാനുവല്‍ അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ അധ്യാപകന്‍ സി കെ രവീന്ദ്രന്‍ മുഖ്യപ്രഭാഷണവും സ്കൂള്‍ ലീഡര്‍ മാസ്റ്റര്‍ ഹാദി നിഹാദ് ‘സേ നോ ടു ഡ്രഗ്സ്’ ബാഡ്ജ് കൈമാറ്റവും നടത്തി. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ്, പോസ്റ്റര്‍ രചന, ലഹരി വിരുദ്ധ പ്രതിജ്ഞ, ബാഡ്ജ് ധരിക്കല്‍, ലഹരി പ്രതിരോധ മതില്‍, സൈക്കിള്‍ റാലി, ഫ്ലാഷ് മോബ്, ലഹരി വിരുദ്ധ ഫുട്ബോള്‍ മത്സരം എന്നിങ്ങനെ വിവിധ പരിപാടികള്‍ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിച്ച് സമൂഹത്തില്‍ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് സ്കൂള്‍ ശ്രമിച്ച് വരുന്നുണ്ട്.
സ്കൂള്‍ മാനേജര്‍ ഫാ. സജി മാത്യു പുഞ്ചയില്‍, പിടിഎ പ്രസിഡണ്ട് ടി ജെ റോബര്‍ട്ട്, എം പി ടി എ പ്രസിഡണ്ട് ജെയ്നി തോമസ് എന്നിവരുടെയും സ്കൂള്‍ ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിലാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നത്.
സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്കൌട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്, ജൂനിയര്‍ റെഡ് ക്രോസ്, എന്‍ സി സി, ലിറ്റില്‍ കൈറ്റ്സ്, ദേശീയ ഹരിത സേന തുടങ്ങിയ ക്ലബുകളും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ലഹരി വിമുക്ത സമൂഹത്തിനായി സജീവമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. പോലീസ്, എക്സൈസ് വകുപ്പ്, ആരോഗ്യ വകുപ്പ്, തരിയോട് ഗ്രാമപഞ്ചായത്ത്, വീദ്യാഭ്യാസ വകുപ്പ് തുടങ്ങിയവര്‍ സ്കൂളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്കുന്നു. ‘സേ നോ ടു ഡ്രഗ്സ്’ ബാഡ്ജ് ധരിച്ചുകൊണ്ടാണ് തോളോടുതോള്‍ ചേര്‍ന്ന് സ്കൂളില്‍ ലഹരി വിരുദ്ധ പ്രതിരോധ മതില്‍ നിര്‍മ്മിച്ചത്.