പുതു തലമുറയുടെ വിചിത്രമായ രീതികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തമ്മനത്ത് പതിനെട്ടുകാരിയായ മകളുടെ കിടപ്പുമുറിയില്‍ രാത്രിയില്‍ ആണ്‍സുഹൃത്ത് എത്തി. മാതാപിതാക്കള്‍ ഉണര്‍ന്നതോടെ ഇയാള്‍ കട്ടിലിനടിയില്‍ ഒളിച്ചു. എന്നാല്‍ ഇത് കണ്ടുപിടിച്ചു ചോദ്യംചെയ്ത മാതാപിതാക്കള്‍ക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി . തമ്മനം സ്വദേശിനിയും എല്‍എല്‍ബി വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയുടെ മുറിയില്‍നിന്നാണ് മാതാപിതാക്കള്‍ രാത്രിയില്‍ ആണ്‍സുഹൃത്തിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ശബ്ദം കേട്ട് പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന ആണ്‍സുഹൃത്തിനെ കണ്ടത്. ഇതേക്കുറിച്ച് മാതാപിതാക്കള്‍ ചോദ്യം ചെയ്തതോടെയാണ് തന്നെ ഉപദ്രവിക്കുന്നുവെന്ന് പെണ്‍കുട്ടി പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിച്ചത്. ഉടന്‍ പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ പാലാരിവട്ടം സ്റ്റേഷനിലേക്ക് മാറ്റി. തുടര്‍ന്ന് മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യം തിരക്കിയപ്പോഴാണ് രാത്രി മകളുടെ മുറിയുടെ കട്ടിലിനടിയില്‍നിന്ന് ആണ്‍ സുഹൃത്തിനെ കണ്ട വിവരം പറഞ്ഞത്. തുടര്‍ന്ന് മകളെ ശകാരിക്കുകയും അടിക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പോലീസിനോടു പറഞ്ഞു.
ഇനി മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്‍പര്യമില്ലെന്നും സുഹൃത്തിനൊപ്പം പോകാനാണ് ഇഷ്ടമെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. 18 വയസു മാത്രമുള്ള പെണ്‍കുട്ടിയോടും ആണ്‍സുഹൃത്തിനോടും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി പെണ്‍കുട്ടിയെ കാക്കനാട് സര്‍ക്കാര്‍ അഗതിമന്ദിരമായ സഖിയിലേക്കു മാറ്റി. തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പിറ്റേന്ന് പെണ്‍കുട്ടി അഗതിമന്ദിരത്തില്‍ നിന്ന് ഒളിച്ചോടി.
അഗതിമന്ദിരത്തിന്റെ പരാതിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷിക്കുകയും പെണ്‍കുട്ടിയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഇവിടെവെച്ചു കരഞ്ഞ് അലമുറയിട്ട പെണ്‍കുട്ടി അഗതിമന്ദിരത്തില്‍ പോകാനും വിസമ്മതിച്ചു. മാതാപിതാക്കളും കരഞ്ഞ് മകളെ തങ്ങള്‍ക്കൊപ്പം അയയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പെണ്‍കുട്ടി അതിനും വിസമ്മതിച്ചു.ഒടുവില്‍ മാതാപിതാക്കള്‍ നിര്‍ദേശിക്കുന്ന ഹോസ്റ്റലില്‍ പെണ്‍കുട്ടി താമസിക്കണമെന്ന് മജിസ്ട്രേറ്റ് ഉത്തരവിട്ടു.