ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു ഉമ്രാന്‍ മാലിക്കിന്റേത്. ഇതുവരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ താരത്തിനായി. പേസ് തന്നെയാണ് ഉമ്രാനെ മറ്റുള്ള ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. പേസുകൊണ്ട് താരം അമ്പരപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദാരബാദിനായി പുറത്തെടുത്ത പ്രകടനമാണ് ജമ്മു കശ്മീരില്‍ നിന്നുള്ള പേസറെ ഇന്ത്യന്‍ ടീമിലെത്തിച്ചത്.
പേസ് കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഉമ്രാന്‍ ഇന്നൊരു റെക്കോര്‍ഡുമിട്ടു. ഏകദിന ക്രിക്കറ്റില്‍ വേഗതയേറിയ ഇന്ത്യന്‍ പേസറായിരിക്കുകയാണ് ഉമ്രാന്‍. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ഓവറിലെ നാലാം പന്തിന് മണിക്കൂറില്‍ 156 കിലോ മീറ്റര്‍ വേഗമുണ്ടായിരുന്നു. ഈ പന്ത് തന്നെയാണ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. അതിന് തൊട്ടുമുമ്പുള്ള രണ്ട് പന്തുകളുടേയും വേഗം 151 കിലോ മീറ്ററായിരുന്നു. പിന്നാലെ നിരവധി പേരാണ് താരത്തെ സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിച്ചത്.
ടി20യില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞുവെന്ന ഇന്ത്യന്‍ റെക്കോര്‍ഡും ഉമ്രാന്റെ പേരിലാണ്. 155 കിലോ മീറ്റര്‍ വേഗമുണ്ടായിരുന്നു ഉമ്രാന്‍ ഇന്ത്യക്ക് വേണ്ടി ടി20 ഫോര്‍മാറ്റില്‍ എറിഞ്ഞ പന്തിന്. ഐപിഎല്ലിലും ഇതേ റെക്കോര്‍ഡ് ഉമ്രാന്റെ പേരിലാണ്. മണിക്കൂറില്‍ 157 കിലോ മീറ്റര്‍ വേഗത്തിലാണ് അന്ന് ഉമ്രാന്‍ പന്തെറിഞ്ഞത്








