ന്യൂഡല്‍ഹി: 2019 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 21 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയതായും ഇതിനായി 22.76 കോടിരൂപ ചെലവഴിച്ചതായും കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ സഭയില്‍ ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 22,76,76,934 രൂപയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് 20,87,01,475 രൂപയും ചെലവഴിച്ചതായി, വി. മുരളീധരന്റെ മറുപടിയില്‍ പറയുന്നു. 2019 മുതല്‍ എസ്. ജയ്ശങ്കര്‍ 86 വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.
2019 മുതല്‍ രണ്ടു രാഷ്ട്രപതിമാരുടെ വിദേശ സന്ദര്‍ശനത്തിനായി 6.24 കോടിരൂപയാണ് ചെലവഴിച്ചിട്ടുള്ളത്. രാഷ്ട്രപതിയായിരിക്കെ രാംനാഥ് കോവിന്ദ് 2019 മുതല്‍ ഏഴു വിദേശ സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. 2022-ല്‍ രാഷ്ട്രപതി സ്ഥാനത്തെത്തിയ ദ്രൗപദി മുര്‍മു ഇതുവരെ ഒരു വിദേശ സന്ദര്‍ശനമാണ് നടത്തിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ യു.കെയിലേക്കായിരുന്നു ഇത്.