തൃശ്ശൂർ: വടൂക്കര മനവഴിയിലുള്ള ജിമ്മിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ഉടമയും പരിശീലകനുമായ യുവാവ് അറസ്റ്റിൽ. ‘ഫോർമൽ ഫിറ്റ്നെസ് സെന്റർ’ ഉടമയും പരിശീലകനുമായ പാലയ്ക്കൽ തൈവളപ്പിൽ അജ്മലി(26)നെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ജിമ്മിലെ വ്യായാമം കഴിഞ്ഞ് യുവതി സ്റ്റീം ബാത്ത് ചെയ്യുന്നതിനിടെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാൾ പിന്മാറി. തുടർന്ന് ജിമ്മിൽ നിന്നും ഇറങ്ങിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.
അജ്മൽ ചേർപ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റൊരു ബലാത്സംഗക്കേസിലും പ്രതിയാണ്. എസ്.ഐ. അനുദാസ്, സി.പി.ഒ.മാരായ പ്രിയൻ, ശ്രീജിത്ത്, ജോവിൻസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.








