ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളും ഫോട്ടോകളും കുറിപ്പുകളുമെല്ലാം നാം കാണാറുണ്ട്. ചില വീഡിയോകളോ ഫോട്ടോകളോ കുറിപ്പുകളോ എല്ലാം അപ്രതീക്ഷിതമായി വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്യാറുണ്ട്.
അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു യുവാവ് പങ്കുവച്ചൊരു ഫോട്ടോ. ഒരു കമ്പനിയില്‍ മുതലാളി തൊഴിലാളികള്‍ക്കായി ഇറക്കിയ മെമ്മോയുടെ ഫോട്ടോയാണിത്. ഇത് എവിടെയാണ് സംഭവിച്ചതെന്നോ എത്രമാത്രമാണ് ഇതിന്‍റെ ആധികാരികതയെന്നോ വ്യക്തമല്ല.
എന്തായാലും സംഭവം ചുരുങ്ങിയ സമയത്തിനകം ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും വൈറലാവുകയും ചെയ്തിട്ടുണ്ട്. ജോലിസ്ഥലത്തെ തൊഴിലാളികള്‍ തമ്മിലുള്ള സൗഹൃദമാണ് മുതലാളിക്ക് പ്രകോപനമായിരിക്കുന്നത്. ഇതിനെതിരെ ശക്തമായ താക്കീത് എന്ന നിലയിലാണ് മെമ്മോ.
ജോലിയെന്ന് പറയുന്നത് തമാശയല്ല. ജോലിസംബന്ധമല്ലാത്ത കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനോ സംസാരിക്കുന്നതിനോ ജോലിസമയം ഉപയോഗിക്കാൻ പാടില്ല. ജോലിസമയത്ത് സൗഹൃദത്തിനും ഇടമില്ല. ജോലി കഴിഞ്ഞ ശേഷം ഫോണ്‍ നമ്പര്‍ കൈമാറുകയോ ഹാങൗട്ടിന് പോവുകയോ ചെയ്യാം- ഇത്രയുമാണ് മെമ്മോയില്‍ മുതലാളി നല്‍കിയിരിക്കുന്ന മുന്നറിയിപ്പുകള്‍. ജോലിസംബന്ധമല്ലാത്ത എന്തെങ്കിലും ചര്‍ച്ചകള്‍ ആരെങ്കിലും നടത്തുന്നത് കണ്ടാല്‍ ആ വിവരം തന്നെ അറിയിക്കാനും ഇദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്‍റെ പേരോ മുതലാളിയുടെ വിവരങ്ങളോ എല്ലാം മറച്ച രീതിയിലാണ് മെമ്മോ വ്യാപകമായി പ്രചരിക്കുന്നത്. റെഡ്ഡിറ്റില്‍ വന്ന ഇതിന്‍റെ ഫോട്ടോയ്ക്ക് മുപ്പതിനായിരത്തിനടുത്ത് പ്രതികരണവും മൂവ്വായിരത്തിനടുത്ത് കമന്‍റുകളും ലഭിച്ചിട്ടുണ്ട്.
തൊഴിലിടങ്ങള്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് ആരോഗ്യകരമാകും വിധത്തില്‍ സൗഹാര്‍ദമായ പരിസ്ഥിതിയിലേക്ക് എത്തിക്കുന്നതിനെ കുറിച്ച് കോര്‍പറേറ്റ് മേഖലയില്‍ പോലും ചര്‍ച്ചകളുയരുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു സമീപനം തൊഴിലാളികളോട് എടുക്കുന്നത് മുതലാളിമാര്‍ക്ക് നല്ലതല്ലെന്നും, ഇദ്ദേഹം ഒരു ‘ടോക്സിക്’ വ്യക്തിയാണെന്നാണ് ഈ മെമ്മോ വ്യക്തമാക്കുന്നത് എന്നുമെല്ലാം ആളുകള്‍ കമന്‍റ് ബോക്സില്‍ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നു.
തൊഴിലാളികള്‍ ജോലിയെയും ജോലി ചെയ്യുന്ന ഇടത്തെയും സഹപ്രവര്‍ത്തകരെയും ബോസിനെയുമെല്ലാം ഇഷ്ടപ്പെടുകയും ഇഷ്ടത്തിലൂടെ ആദരിക്കുകയും ചെയ്യുന്ന അന്തരീക്ഷത്തില്‍ മാത്രമാണ് ഇവരില്‍ കൂടുതല്‍ ഉത്പാദനക്ഷമത കൈവരൂ എന്നും ചിലര്‍ കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു. എന്തായാലും തൊഴിലിടങ്ങളിലെ ചൂഷണത്തെ കുറിച്ചുംേ, മാതൃകാപരമായ തൊഴിലിടങ്ങള്‍ എങ്ങനെ ആയിരിക്കണമെന്നതിനെ കുറിച്ചുമുള്ള വിശദമായ ചര്‍ച്ച തന്നെയാണ് ‘വൈറല്‍ മെമ്മോ’യ്ക്ക് താഴെ നടക്കുന്നത്.