വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ നിന്നുള്ള മോചനം പുതിയ ജീവിത സാധ്യതകളിലേക്ക് കൂടെ വെളിച്ചം വീശുന്ന സന്തോഷത്തിലാണ് ചെല്ലാനം നിവാസികള്‍. ചെല്ലാനത്തെ കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷിക്കാനുള്ള ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മാണം ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. ടെട്രാപോഡ് കടല്‍ഭിത്തിക്കൊപ്പം കടലിന് അഭിമുഖമായി ഒരുക്കുന്ന മെഗാ വാക്ക് വേയാണ് വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്ന വിധത്തില്‍ തയ്യാറാക്കുന്നത്.
7.32 കിലോമീറ്റര്‍ ദൂരം വരുന്ന ഒന്നാം ഘട്ടം പൂര്‍ത്തിയായെന്നും രണ്ടാംഘട്ട നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാണെന്നും ഭരണാനുമതി ലഭിക്കുന്നതിനനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണുന്ന ടെട്രാപോഡ് കടല്‍ത്തീര നടപ്പാത മത്സ്യത്തൊഴിലാളി ഗ്രാമമായ ചെല്ലാനത്തെ സുരക്ഷിതമാക്കുന്നതിനൊപ്പം വിനോദ സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി. രാജീവ് പറഞ്ഞു.
ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് ബീച്ച് വരെയുള്ള 7.32 കിലോ മീറ്റര്‍ ദൂരത്തില്‍ ടെട്രാപോഡ് കടല്‍ ഭിത്തിയുടെ ആദ്യഘട്ടമാണ് പൂര്‍ത്തിയായത്. നടപ്പാതയുടെ നിര്‍മ്മാണവും പൂര്‍ത്തിയായി. പുത്തന്‍തോട് മുതല്‍ വടക്കോട്ട് കണ്ണമാലി പ്രദേശം ഉള്‍പ്പെടുന്നതാണ് ടെട്രാപോഡ് രണ്ടാംഘട്ടം. ചെല്ലാനത്ത് ടെട്രാപോഡ് ഇല്ലാത്ത പ്രദേശങ്ങളിലെ മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി താത്കാലിക സുരക്ഷാ സംവിധാനങ്ങളൊരുക്കുകയാണ്. മണല്‍വാട, ജിയോബാഗ് സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടക്കുകയാണ്.
പ്രദേശവാസികള്‍ക്ക് ഒഴിവുസമയം ചെലവഴിക്കാനും കായികപ്രേമികളായ ചെറുപ്പക്കാര്‍ക്ക് വ്യായാമം ചെയ്യുന്നതിനും ഏറെ സൗകര്യപ്രദമായ ഇടമാക്കിയാണ് മെഗാ വാക്ക് വേ ഒരുക്കുന്നത്. ചെല്ലാനം തീരദേശത്ത് ആകെ 17 കിലോമീറ്റര്‍ ദൂരമാണ് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മ്മിക്കുക. കടല്‍ഭിത്തിക്ക് മുകളിലായുള്ള 7.3 കിലോമീറ്റര്‍ സീ വാക്ക് വേ ഉടന്‍തന്നെ നാടിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തീരദേശ ഹൈവേയുടെ നിര്‍മ്മാണം പുതിയ വാക്ക് വേയ്ക്ക് സമീപം പുരോഗമിക്കുന്നുണ്ട്. ഇതും കൊച്ചി തീരദേശ ടൂറിസത്തിന് കുതിപ്പേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.