ഡിജിറ്റൽ മുന്നേറ്റത്തിൽ വയനാട്; ജില്ലയിൽ കെ-ഫോൺ കണക്ഷനുകളുടെ എണ്ണം 10,000 പിന്നിട്ടു

Advertisement
Featured Image

കൽപ്പറ്റ: മലയോര ജില്ലയായ വയനാട്ടിൽ അതിവേഗ ഇന്റർനെറ്റ് വിപ്ലവം സൃഷ്ടിച്ച് കെ-ഫോൺ (KFON). ജില്ലയിൽ കെ-ഫോൺ കണക്ഷനുകളുടെ എണ്ണം 10,000 പിന്നിട്ടു. വീടുകൾ, സർക്കാർ ഓഫീസുകൾ, പിന്നാക്ക കുടുംബങ്ങൾ എന്നിവയിലായി ആകെ 10,052 കണക്ഷനുകളാണ് ഇതിനോടകം ജില്ലയിൽ നൽകിയത്.


ഇതിൽ 7,864 ഗാർഹിക കണക്ഷനുകളും 563 സർക്കാർ സ്ഥാപനങ്ങളിലെ കണക്ഷനുകളും

ഉൾപ്പെടുന്നു. കൂടാതെ, സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ ശാക്തീകരണ നയത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 687 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി.


മൊബൈൽ നെറ്റ്‌വർക്ക് പോലും ലഭ്യമല്ലാതിരുന്ന പേര്യ-34 ഉൾപ്പെടെയുള്ള വിദൂര മലയോര

മേഖലകളിലും അതിവേഗ കെ-ഫോൺ ബ്രോഡ്ബാൻഡ് സേവനം എത്തിക്കാൻ സാധിച്ചത് വലിയ നേട്ടമായി. ഭൂപ്രകൃതിയുടെ വെല്ലുവിളികൾ മറികടന്ന് കണക്റ്റിവിറ്റി ഉറപ്പാക്കിയത് വഴി ജില്ലയിലെ വിദ്യാഭ്യാസം, തൊഴിൽ, ഓൺലൈൻ സേവനങ്ങൾ എന്നിവയ്ക്ക് വലിയ ഉണർവ് ലഭിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളെയും തോട്ടം തൊഴിലാളി മേഖലകളെയും ഡിജിറ്റൽ ലോകവുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായി തുടരുകയാണ്.


പുതിയ കണക്ഷനുകൾക്ക് അപേക്ഷിക്കാം: പുതിയ ഗാർഹിക കണക്ഷനുകൾ ആവശ്യമുള്ളവർക്ക് ‘എന്റെ കെഫോൺ’ (Ente KFON) മൊബൈൽ ആപ്പ് വഴിയോ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടാതെ 1800 570 4466 എന്ന ടോൾഫ്രീ നമ്പറിലും രജിസ്ട്രേഷൻ സൗകര്യമുണ്ട്. പ്ലാനുകളെയും ഓഫറുകളെയും കുറിച്ച് അറിയാൻ 90616 04466 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് ‘KFON Plans’ എന്ന് സന്ദേശമയച്ചാൽ മതിയാകും.

Advertisement

Related News