ലോക ഫുട്ബോളിലെ ഏറ്റവും വലിയ വൈരികളായ ബാഴ്സലോണയുടെയും റയൽ മഡ്രിഡിന്‍റെയും ഇതിഹാസ താരങ്ങൾ മാറ്റുരയ്ക്കുന്ന ലെജന്‍ഡ്സ് പോരാട്ടത്തിന് കൊൽക്കത്ത വേദിയാകുന്നു. നവംബർ 25-ന് കൊല്‍ക്കത്തയാണ് എല്‍ ക്ലാസിക്കോ പോരാട്ടത്തിന് വേദിയാവുകയെന്ന് പശ്ചിമ ബംഗാൾ കായിക മന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ബാഴ്സലോണ-റയൽ മഡ്രിഡ് ലെജൻഡ്സ് പോരാട്ടമാണിത്. കഴിഞ്ഞ വർഷം മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ റയൽ മഡ്രിഡ് ലെജൻഡ്സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബാഴ്സലോണയെ തോൽപ്പിച്ചിരുന്നു.
അന്ന് ഫെർണാണ്ടോ മൊറിയന്‍റെസ്, ഡേവിഡ് ബാറാൽ എന്നിവരാണ് റയലിനായി ഗോൾ നേടിയത്. മത്സരത്തിനുള്ള ഔദ്യോഗിക ടീമുകളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രണ്ട് ക്ലബ്ബുകൾക്കായും കളിച്ചിട്ടുള്ള പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ, ബാഴ്സലോണയുടെ മുൻ ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ കാർലോസ് പ്യുയോൾ തുടങ്ങിയ പ്രമുഖ താരങ്ങൾ കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

