ആവശ്യമുള്ള സ്കൂളുകളിൽ അധിക പ്ലസ് വൺ സീറ്റുകൾ ലഭ്യമാക്കും: മന്ത്രി ടി. സിദ്ധിഖ്

Advertisement
Featured Image

അധിക പ്ലസ് വൺ സീറ്റുകൾ ആവശ്യമുള്ള സ്കൂളുകളിൽ അവ ലഭ്യമാക്കുമെന്ന് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ടി. സിദ്ധിഖ്. എസ്.എസ്.എൽ.സി, ഹയ‍ർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം വിജയം നേടിയ സ്കൂളുകളെയും അദരിക്കുന്നതിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിജയോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വിദ്യാർത്ഥികളാണ് ജില്ലയുടെ ഏറ്റവും വലിയ സമ്പത്തെന്നും ഭാവിയിലേക്കുള്ള പ്രയാണം ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുന്ന വിദ്യാർത്ഥികളെയും അതിന് നേതൃത്വം നൽകിയ അധ്യാപകരെയും മാതാപിതാക്കളെയും ചേർത്തുനിർത്തി ആദരിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനായി എല്ലാ തലങ്ങളിലും സർക്കാർ ഇടപെടലുകൾ നടത്തുമെന്നും വിദ്യാർത്ഥികളെ കൂടുതൽ വിദ്യാസമ്പന്നരാക്കുന്നതിനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എസ്.എസ്.എൽ.സി, ഹയ‍ർ സെക്കണ്ടറി പരീക്ഷകളിൽ കഴിഞ്ഞ രണ്ട് വർഷമായി മികച്ച വിജയമാണ് ജില്ല കൈവരിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡി. ആർ. മേഘശ്രീ പറഞ്ഞു. 100 ശതമാനം വിജയം കൈവരിച്ച 58 സ്കൂളുകളെയും പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 524 വിദ്യാർത്ഥികളെയും ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 455 വിദ്യാർത്ഥികളെയും പരിപാടിയിൽ ആദരിച്ചു.

ജില്ലയിലെ സ്കൂളുകൾക്ക് നൽകുന്നതിന് പ്രിയങ്ക ഗാന്ധി എം.പി. സമ്മാനിച്ച പുസ്തകങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നി‌ർവഹിച്ചു


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി. ഹംസ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സൽമ മോയി, വി.എൻ ശശീന്ദ്രൻ, ഗിരിജ കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി ജോസ്, കെ.ആർ ജിതിൻ, അമൽ ജോയ്, എം സുനിൽ കുമാർ, ഷീജ സതീഷ്, നസീമ, കമല രാമൻ, ജിൽസൺ തൂപ്പുംകര, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ്‌ എം.ജി ബിജു, സെക്രട്ടറി ജാഫർ, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫിസർ സി.വി മൻമോഹൻ മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥ‍ർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു

Advertisement

Related News