ഹോര്‍മൂസ് കടലിടുക്ക് അടച്ച് യുഎസ് ആക്രമണത്തിന് മറുപടി നല്‍കി ഇറാന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഇറാനിലെ വിവിധയിടങ്ങളില്‍ യുഎസ് സേന ആക്രമണങ്ങള്‍ നടത്തിയതോടെയാണ് ഇറാന്റെ പ്രതികാരം. ഏപ്രിലിലെ വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെ യുഎസ് നിരന്തമായ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടാനാണ് തീരുമാനമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് വ്യക്തമാക്കി.
ഹോര്‍മൂസിലൂടെ കടന്നുപോകുന്ന എണ്ണ ടാങ്കറുകള്‍, വാണിജ്യ കപ്പലുകള്‍ എന്നിവയെ എല്ലാം ഇത് ബാധിക്കുമെന്ന് ഐആര്‍ജിസി വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല മുന്‍ കാലങ്ങളില്‍ കടലിടുക്കിലൂടെ കപ്പലുകള്‍ കടന്നുപോകാനുള്ള സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന യുഎസിന്റെ അവകാശവാദങ്ങളെ അവര്‍ തള്ളിയിട്ടുമുണ്ട്.

