ലോകകപ്പ് ഗ്രൂപ്പ് ജിയിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഇറാനെ സമനിലയിൽ തളച്ച് ന്യൂസിലൻഡ്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി പിരിഞ്ഞ മത്സരം ഈ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ഒന്നായി മാറി. കളിയിലുടനീളം രണ്ടുതവണ മുന്നിലെത്തിയ ന്യൂസിലൻഡിനെ തിരിച്ചടിച്ച ഇറാൻ ഒടുവിൽ സമനിലയിൽ കുടുക്കിയത്. ന്യൂസിലൻഡിനായി എലിജ ജസ്റ്റ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, റാമിൻ റെസായൻ, മൊഹമ്മദ് മൊഹെബി എന്നിവരാണ് ഇറാന്‍റെ രക്ഷകരായത്. രാഷ്ട്രീയ തർക്കങ്ങളും വിസ പ്രതിസന്ധികളും കാരണം മത്സരത്തിന് തൊട്ടുമുൻപ് വരെ വാർത്തകളിൽ നിറഞ്ഞ ഇറാൻ ടീമിന് കനത്ത സുരക്ഷയിലാണ് ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ കളിക്കളമൊരുങ്ങിയത്.
പ്രവാസി ഇറാനികളുടെ വലിയൊരു നിര സ്റ്റേഡിയത്തിൽ ഇരുപക്ഷത്തുമായി നിലയുറപ്പിച്ചതോടെ ഗാലറിയും കലുഷിതമായിരുന്നു. മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ ഇറാനെ ഞെട്ടിച്ച് ന്യൂസിലൻഡ് മുന്നിലെത്തി. സൂപ്പർ താരം ക്രിസ് വുഡിന്‍റെ മികച്ചൊരു പാസിൽ നിന്നും എലിജ ജസ്റ്റ് ലക്ഷ്യം കാണുകയായിരുന്നു. ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച ഇറാൻ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. അതിന് വൈകാതെ ഫലം കണ്ടു. 31-ാം മിനിറ്റിൽ റാമിൻ റെസായൻ ഇറാനായി സമനില ഗോൾ കണ്ടെത്തി. ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഇറാൻ വീണ്ടും വലകുലുക്കിയെങ്കിലും റഫറി അത് ഓഫ്‌സൈഡ് വിധിച്ചത് അവർക്ക് തിരിച്ചടിയായി.

