ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരിൽ കാണാനാവില്ല, സന്ദർശകർക്ക് പ്രത്യേക അറിയിപ്പ്; ബജറ്റ് തയ്യാറാക്കുന്ന തിരക്കിൽ

Advertisement
Featured Image

മുഖ്യമന്ത്രി വി ഡി സതീശന് ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ബജറ്റ് തയ്യാറാക്കുന്നതിന്‍റെ തിരക്കിലാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി എന്നാണ് അറിയിപ്പ്. എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നുവെന്നും മികച്ചൊരു നാളേയ്ക്കായുള്ള ദൗത്യത്തില്‍ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


അറിയിപ്പിന്‍റെ പൂർണരൂപം

"നമ്മുടെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലാണ് ബഹു.മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഈ താല്ക്കാലിക ബുദ്ധിമുട്ടില്‍ നിങ്ങളുടെ സഹകരണം കൂടി അഭ്യര്‍ഥിക്കുന്നു. നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തില്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു"


വി ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുക. ഇന്ദിരാ ഗാരന്‍റി നടപ്പാക്കാൻ എത്ര തുക വകയിരുത്തും എന്നാണ് അറിയാനുള്ളത്. ഇന്ന് ആരംഭിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രക്കുള്ള ഫണ്ട്, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനുള്ള ഫണ്ട് എന്നിവയെല്ലാം എത്രയെന്ന് പുതിയ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടാവും.

Advertisement

Related News