കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Advertisement
Featured Image

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. ഉയര്‍ന്ന കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. മധ്യകേരളത്തിലും വടക്കന്‍ മലബാര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

ജൂണ്‍ 21ന് വീണ്ടും മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ അന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിച്ചതോടെയാണ് മഴ ശക്തമാകുന്നത്. മണിക്കൂറില്‍ 30 മുതല്‍ 40കിലോമീറ്റര്‍ വേഗതയുള്ള കാറ്റിന് ഇന്ന് സാധ്യതയുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.

മലയോരപ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ ജില്ലാ കളക്ടര്‍മാരുടെ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണം. അതേസമയം തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ നാല് ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ ആകെ 40 സെന്റീമീറ്ററായാണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്. അതിനാല്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പുണ്ട്.

Advertisement

Related News