കുവൈറ്റ് :കുവൈറ്റിലെ ഇന്ത്യൻ പ്രവാസികൾക്ക് വൻ തിരിച്ചടിയായി പാസ്‌പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചു. നിലവിലെ സേവന ദാതാക്കൾക്ക് പകരമായി ജൂലൈ ഒന്നു മുതൽ ചുമതലയേൽക്കുന്ന 'ഡ്യൂ ഡിജിറ്റൽ ഗ്ലോബൽ' എന്ന കമ്പനിയാണ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ പുതിയ നിരക്കുകൾ പുറത്തുവിട്ടത്. പല സേവനങ്ങൾക്കും നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികം തുക നൽകേണ്ടി വരുമെന്നതിനാൽ, സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറും.
നിലവിൽ ഏകദേശം ഒരു ദിനാർ മാത്രമായിരുന്ന ബേസിക് സർവീസ് ചാർജ് പുതിയ പരിഷ്കാരത്തോടെ ആറ് ദിനാറായാണ് ഉയർത്തിയിരിക്കുന്നത്. ടൈപ്പിംഗ്, പ്രിന്റിംഗ്, അപേക്ഷാ സഹായം, ഫോട്ടോക്കോപ്പി, കൊറിയർ സേവനം എന്നിവയെല്ലാം ഒന്നിച്ച് ഉൾപ്പെടുത്തിയാണ് ഈ ആറ് ദിനാർ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. മുമ്പ് കൊറിയർ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് പരമാവധി 3.5 ദിനാർ വരെ മാത്രം ചിലവഴിച്ചിരുന്ന സ്ഥാനത്താണ് പ്രവാസികൾക്ക് ഇനി മുതൽ കൂടുതൽ തുക നൽകേണ്ടി വരുന്നത്.

