വിദ്യാർത്ഥികളിൽ കൃഷി ലഹരിയാക്കാൻ മിഷൻ നടപ്പാക്കും: മന്ത്രി ടി സിദ്ധീഖ്

Advertisement
Featured Image

 ജില്ലയിലെ സ്കൂളുകളിൽ കതിർ ക്ലബ്ബുകൾ ആരംഭിച്ച് വിദ്യാർത്ഥികളിൽ കൃഷി ലഹരിയാക്കി കാർഷിക വൃത്തിയിലേക്ക് എത്തിക്കുന്നതിന് കൃഷി വകുപ്പ് മുഖേന മിഷൻ നടപ്പാക്കുകയാണെന്ന് മന്ത്രി അഡ്വ ടി സിദ്ധീഖ് പറഞ്ഞു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി പോലീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കൽപ്പറ്റയിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മിഷൻ പദ്ധതി നടപ്പാക്കുന്നതിനായി സ്കൂളിൽ നോഡൽ ടീച്ചറെ ചുമതലപ്പെടുത്തി വീടുകളിൽ കൃഷികൾ ചെയ്യുന്നതിനുള്ള നടപടികളാണ് നടത്തുന്നത്. കേരളത്തിലെ ചെറുപ്പക്കാരെ വരിഞ്ഞുമുറുക്കാമെന്ന മാഫിയകളുടെ ആഗ്രഹം ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷൻ തൂഫാന് നേതൃത്വം നൽകി നർകോട്ടിക് ശൃംഖലയ്ക്കെതിരെയുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ് സർക്കാർ. സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ചുറ്റുപാടുകളിലും മാർക്കറ്റുകളിലും പൊതുയിടങ്ങളിലും ലഹരി മാഫിയ ശക്തിപ്രാപിക്കുകയാണ്. ഇതിനെതിരെ രാജ്യത്തെ വിവിധ ഏജൻസികളുടെയും അയൽ സംസ്ഥാന ഏജൻസികളുടെയും ഏകോപനം സർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷയായ പരിപാടിയിൽ തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും ലഹരി വിരുദ്ധ സന്ദേശവും ജില്ലാ പോലീസ് മേധാവി ദേവമനോഹർ നിർവഹിച്ചു. മന്ത്രി ടി സിദ്ധിഖ്, സിനിമാതാരം അബു സലിം, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ തൂഫാൻ വാരിയർ ബാഡ്ജ് ഏറ്റുവാങ്ങി. കൽപ്പറ്റ നഗരത്തിൽ നടന്ന ബോധവത്കരണ റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ പോലീസ് മേധാവി ദേവമനോഹർ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ചുണ്ട ആർ.സി.എച്ച്.എസ്. സ്‌കൂൾ വിദ്യാർത്ഥികൾ ലഹരി ബോധവത്കരണ മൈം അവതരിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ, അഡീഷണൽ പോലീസ് സൂപ്രണ്ട് കെ.എസ് ഷാജി, കൽപ്പറ്റ പോലീസ് ഇൻസ്പെക്ടർ ടി.പി ദിനേഷ്, കൗൺസിലർ ഗിരീഷ്, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Advertisement

Related News