പ്രതിസന്ധിയിലായ സ്വകാര്യ ബസുകള്‍ ടിക്കറ്റിതര വരുമാനങ്ങളെക്കുറിച്ച് ആലോചിക്കണമെന്ന ഗതാഗത മന്ത്രി സി പി ജോണിന്‍റെ ആഹ്വാനം ഏറ്റെടുത്ത് സ്വകാര്യ ബസ് ജീവനക്കാര്‍. വരുമാന മാർഗ്ഗം കണ്ടെത്താൻ സ്വകാര്യ ബസുകളിൽ പലഹാര കച്ചവടം തുടങ്ങിയിരിക്കുകയാണ് ജീവനക്കാർ. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറെക്കുറെ കാലിയായ സ്വകാര്യ ബസിൽ മുറുക്കും അച്ചപ്പവും മിക്സ്ച്ചറും വിൽക്കുന്ന ജീവനക്കാരന്‍റെ വീഡിയോ ആണ് വൈറലായിട്ടുള്ളത്.
കെഎസ്ആർടിസിയിൽ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി പി ജോൺ മറ്റ് വരുമാന മാർഗ്ഗം കണ്ടെത്തണമെന്ന് പറഞ്ഞത്. കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നതുപോലെ അവര്‍ക്കും പരസ്യം നല്‍കാവുന്നതാണ്. കാര്‍ഗോ സംവിധാനം സ്വകാര്യ ബസുകളില്‍ കൊണ്ടുവരുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് ആലോചിച്ച് പരിഹാരം കാണുമെന്ന് നേരത്തെ നിയമസഭയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.

