ഫിഫ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീനയോട് പൊരുതിത്തോറ്റതിന് പിന്നാലെ ഫുട്ബോൾ ലോകത്തെ പിടിച്ചുകുലുക്കുന്ന ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് ടീമിന്‍റെ മുഖ്യപരിശീലകൻ ഹൊസാം ഹസൻ. സൂപ്പർ താരം ലിയോണൽ മെസിയും അർജന്‍റീനയും ടൂർണമെന്‍റിൽ തുടരണമെന്ന് ഫിഫ ആഗ്രഹിച്ചിരുന്നതായും, മത്സരഫലം ബാഹ്യശക്തികളാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും ഹസൻ ആരോപിച്ചു.
പ്രീ-ക്വാർട്ടറിലെ നാടകീയ പോരാട്ടത്തിൽ രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് ഈജിപ്ത് 3-2 ന് അർജന്‍റീനയോട് നാടകീയമായി പരാജയപ്പെട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിലേക്ക് ഈജിപ്ത് നീങ്ങവെയായിരുന്നു കളിയുടെ അവസാന 13 മിനിറ്റിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ച് അർജന്‍റീന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്. മത്സരത്തിലെ റഫറിയിംഗ് പൂർണ്ണമായും അർജന്‍റീനയ്ക്ക് അനുകൂലമായിരുന്നുവെന്ന് മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ഹൊസാം ഹസൻ തുറന്നടിച്ചു.

