കള്ളാടി തുരങ്കപാത നിർമാണ പ്രദേശത്തെ മണ്ണിടിച്ചിലിനെ തുടർന്ന് ചൂരൽമല, മുണ്ടക്കൈ, പുത്തുമല പ്രദേശങ്ങളിൽ കുടുങ്ങിയവർക്കായി അവശ്യ വസ്തുക്കൾ ഉറപ്പാക്കാൻ മന്ത്രിമാരായ എ.പി അനിൽകുമാർ, അഡ്വ. ടി സിദ്ദീഖ് എന്നിവർ നിർദേശം നൽകി. റവന്യൂ വകുപ്പിനെയും മേപ്പാടി ഗ്രാമ പഞ്ചായത്തിനെയും ചുമതലപ്പെടുത്തി. ഏറാട്ടുകുണ്ട്, കുപ്പച്ചി, പുഞ്ചിരിമട്ടം, താന്നിലോട്, താഴെ അരണമല, അയ്യപ്പൻ ഉന്നതികളിലെ താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഫോറസ്റ്റ്, പോലീസ്, ഐ.റ്റി.ഡി.പി അധികൃതർക്ക് നിർദേശം നൽകി.
ചൂരൽമലയിലെ ഒറ്റപ്പെട്ട കുടുംബങ്ങൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ ഡോക്ടർ, നഴ്സ്, മരുന്ന് ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ ഹെൽത്ത് സബ് സെൻ്റർ അടിയന്തിരമായി സജ്ജമാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മന്ത്രിമാർ നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ സ്വകാര്യത പരിഗണിച്ച് അവിടേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കും. മണ്ണിടിച്ചിൽ മേഖലയിലേക്ക് കർശന നിയന്ത്രണം ഉണ്ടെങ്കിലും മേപ്പാടിയിൽ നിന്നും ചൂരൽമല ഭാഗത്തേക്ക് പോകേണ്ട പ്രദേശവാസികളെ പ്രയാസം കൂടാതെ കടത്തിവിടും.
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ദുർബല പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ നിന്നും മാറ്റിപ്പാർപ്പിക്കേണ്ടവരുടെയും ഉന്നതികളുടെയും വിവരങ്ങൾ തയ്യാറാക്കും. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും. വൈത്തിരി, പൊഴുതന ഗ്രാമ പഞ്ചായത്തുകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യമെങ്കിൽ സുരക്ഷാ നടപടികൾ സ്വീകരിക്കും. മേപ്പാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെ ഉൾപ്പെടുത്തി മേപ്പാടി ഗവ പോളി ടെക്നിക് കോളേജിൽ ചേർന്ന അവലോകന യോഗത്തിൽ എം.പി ഷാഫി പറമ്പിൽ, എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡൻ്റ് ടി ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റംല ഹംസ, വൈസ് പ്രസിഡൻ്റ് ജോൺ മാതാ, സ്ഥിരം സമിതി അധ്യക്ഷന്മാർ, വാർഡംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

