ഫിഫ ലോകകപ്പില്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ അര്‍ജന്റീനയും ഇംഗ്ലണ്ടും ഇന്ന് മുഖാമുഖം വരികയാണ്. ലോകകിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ രാജ്യമെന്ന ചരിത്ര നേട്ടത്തിലേക്ക് കുതിക്കുക്കുകയാണ് അര്‍ജന്റീന. 1966ന് ശേഷം സ്വര്‍ണക്കപ്പ് തിരികെ വീട്ടിലെത്തിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം. വെറുമൊരു മത്സരത്തിനപ്പുറം രാഷ്ട്രീയവും യുദ്ധവും പ്രതികാരവുമെല്ലാം സമ്മിശ്രം ചാലിച്ച ക്ലാസിക് പോര് തന്നെയാകുമിത്. അറ്റ്‌ലാന്റയില്‍ ഇന്ന് തീപാറുമെന്ന് ഉറപ്പ്.
നിര്‍ണായക പോരാട്ടത്തിന് കളമൊരുങ്ങുമ്പോള്‍ അര്‍ജന്റീനക്ക് അനുകൂലമായി ചില തീരുമാനങ്ങള്‍ ഫിഫയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുകയാണെന്ന ആക്ഷേപം ആരാധകരുടെ ഭാഗത്ത് നിന്ന് ഉയരുകയാണ്. അറ്റ്‌ലാന്റയില്‍ നടക്കുന്ന ആവേശപ്പോര് നിയന്ത്രിക്കാന്‍ ഇസ്മായില്‍ ഇല്‍ഫാത്ത് എന്ന റഫറിയേയാണ് ഫിഫ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇല്‍ഫാത്ത് നിയന്ത്രിച്ച മത്സരങ്ങളിലൊന്നും മെസ്സി പരാജയപ്പെട്ടിട്ടില്ല എന്നതുകൊണ്ടുതന്നെ റഫറിയിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഫുട്‌ബോള്‍ ലോകത്ത് വീണ്ടും സജീവമാകുകയാണ്.

