ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന കിരീടം കൈവിട്ടതിന് പിന്നാലെ മൈതാനത്ത് വൻ സംഘർഷം. കളിക്ക് ശേഷം സ്പാനിഷ് താരങ്ങളുമായി അർജന്‍റീന കളിക്കാർ കൂട്ടത്തല്ലിന് മുതിർന്നതോടെ ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ കൈയാങ്കളിയിലേക്ക് മാറി. മത്സരത്തിനിടെ എന്‍സോ ഫെര്‍ണാണ്ടസിന് ലഭിച്ച ചുവപ്പ് കാർഡിന് പുറമെ, കളി കഴിഞ്ഞ് നടന്ന കൈയാങ്കളിക്കിടെ അർജന്‍റീനയ്ക്ക് രണ്ടാമതൊരു ചുവപ്പ് കാർഡ് കൂടി ലഭിച്ചെങ്കിലും നാടകീയ രംഗങ്ങൾക്കിടയിൽ പലരും ഇത് ശ്രദ്ധിച്ചില്ല.
മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എക്സ്ട്രാ ടൈമിന്‍റെ 106-ാം മിനിറ്റിൽ ബാഴ്സലോണ താരം ഫെറാൻ ടോറസ് നേടിയ ഗോളിലാണ് സ്പെയിൻ ചാമ്പ്യന്മാരായത് (1-0). ഇതോടെ ലയണൽ മെസിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരം കണ്ണീരിലവസാനിച്ചു. 2010-ന് ശേഷം സ്പെയിൻ നേടുന്ന രണ്ടാമത്തെ ലോകകപ്പ് കിരീടമാണിത്.

