ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ ജനകീയ ക്യാമ്പയിനുമായി തരിയോട് ഗ്രാമപഞ്ചായത്ത്

Advertisement
Featured Image

കാവുംമന്ദം: കൃഷിക്കും പരിസ്ഥിതിക്കും ആരോഗ്യത്തിനും ഹാനികരമായ അധിനിവേശ ജീവിയായ ആഫ്രിക്കൻ ഒച്ചിനെ നിർമ്മാർജ്ജനം ചെയ്യുന്നതിന് വേണ്ടി തരിയോട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കൃഷി വിജ്ഞാൻ കേന്ദ്ര, തരിയോട് ജിഎച്ച്എസ്എസ്സിലെ എൻഎസ്എസ് യൂണിറ്റ്, ജൈവ വൈവിധ്യ പരിപാലന സമിതി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ആഫ്രിക്കൻ ഒച്ച് നിവാരണ യജ്ഞം സംഘടിപ്പിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാൻ കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ.ദീപ സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിലെ മഠത്തുവയൽ, എച്ച് എസ് ജംഗ്ഷൻ വാർഡുകളിലാണ് ഇവയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകളിലുള്ള വിദഗ്ധരുടെ യോഗങ്ങൾ ചേരുകയും കർമ്മ പദ്ധതി തയ്യാറാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചത്. ഇവയെ ഒരു സ്ഥലത്തേക്ക് കൂടുതലായി ആകർഷിച്ച് പിടികൂടുന്നതിന് വേണ്ടി കഴിഞ്ഞദിവസം ജൈവ കെണി ഒരുക്കിയിരുന്നു. ശേഖരിച്ച ഒച്ചുകളെ ശാസ്ത്രീയമായി നശിപ്പിച്ച് സംസ്കരിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടത്തുന്നത്. ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ക്യാമ്പയിനിൽ ജനപ്രതിനിധികൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, എൻഎസ്എസ് വിദ്യാർത്ഥികൾ, ബിഎംസി അംഗങ്ങൾ, പ്രദേശവാസികൾ ഉൾപ്പെടെ നിരവധി പേർ പങ്കാളികളായി. ഒച്ച് ശല്യം രൂക്ഷമായ തരിയോട് ജിഎൽപി സ്കൂളിൽ നിന്നാണ് നിർമ്മാർജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചത്.  


ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജിൻസി സണ്ണി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷാജി വട്ടത്തറ, ആമിന റുക്സാന, വാർഡ് അംഗങ്ങളായ വിജയൻ കളരിക്കോട്, സാഹിറ അഷ്റഫ്, മുബഷിർ എ കെ, സുഭാഷിണി കൃഷ്ണദാസ്,  അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. അനു തോമസ്, ഡോ നീതു ജി രാജ്, വെറ്റിനറി യൂണിവേഴ്സിറ്റി ഗവേഷക വിദ്യാർത്ഥികളായ അജില കെ, ഹരിപ്രസാദ് എം, തരിയോട് ജിഎച്ച്എസ്എസ്. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സജിന വി, ജൈവ വൈവിധ്യ ബോർഡ്‌ ജില്ലാ കോർഡിനേറ്റർ ശ്രീരാജ്, കൃഷി ഓഫീസർ അനു ജോർജ്, ജോൺസൺ ഡിസിൽവ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വി ജി ഷിബു സ്വാഗതവും മാത്യു വട്ടക്കാട്ട് നന്ദിയും പറഞ്ഞു.

Advertisement

Related News