ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ മുന്‍ നായകന്‍ രോഹിത് ശർമയുടെ ഭാവിയെച്ചൊല്ലി ഉയർന്ന വിവാദങ്ങൾക്ക് പിന്നാലെ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോർട്ട്. അടുത്ത ഒരു മാസത്തിനുള്ളിൽ അഗാർക്കറെ മാറ്റി പകരം മുൻ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വി.വി.എസ് ലക്ഷ്മണെ പുതിയ ചീഫ് സെലക്ടറായി ബി.സി.സി.ഐ നിയമിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ) സെന്റർ ഓഫ് എക്സലൻസ് തലവനാണ് ലക്ഷ്മൺ. ചീഫ് സെലക്ടര്‍ സ്ഥാനത്ത് അജിത് അഗാർക്കറുടെ കരാർ കാലാവധി കഴിഞ്ഞെങ്കിലും മൂന്ന് മാസത്തേക്ക് ബിസിസിഐ നീട്ടി നൽകിയിരുന്നു. 2027 ഏകദിന ലോകകപ്പ് വരെ അദ്ദേഹം തുടരുമെന്നാണ് കരുതിയെങ്കിലും രോഹിത് ശർമയെ പുറത്താക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളും തര്‍ക്കങ്ങളും തിരിച്ചടിയായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ രോഹിത് ശർമയുടെ ഏകദിന കരിയർ അവസാനിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പരിശീലകൻ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തിലുള്ള ടീം മാനേജ്‌മെന്‍റും അഗാർക്കറുടെ സെലക്ഷൻ കമ്മിറ്റിയും ചേർന്ന് രോഹിതിനെ വരാനിരിക്കുന്ന പരമ്പരകളിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടത്തിയതായി ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ നിരാശപ്പെടുത്തിയ രോഹിത് ലോർഡ്‌സിൽ നടന്ന മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറി നേടിയതോടെ സെലക്ടർമാരുടെയും മാനേജ്‌മെന്‍റിന്‍റെയും കണക്കുകൂട്ടലുകൾ തെറ്റി. ഇതിന് തൊട്ടുപിന്നാലെ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, സെലക്ടർമാരോട് ആലോചിക്കാതെ തന്നെ രോഹിതിന് പരസ്യ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.

