തിരക്കേറിയ ഒരു റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടയാത്രക്കാര്‍ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള സീബ്രാ ക്രോസിംഗ് ഉപയോഗിക്കാറുണ്ട്. റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന ഈ വരയെ സീബ്രാ ക്രോസിംഗ് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?. റോഡിലെ ഈ വരകള്‍ക്ക് എന്തിനാണ് ഒരു മൃഗത്തിന്റെ പേര് നല്‍കിയത്? സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും വരകളുമായി സാമ്യമുള്ളതുകൊണ്ടാണോ ഈ പേര് ലഭിച്ചത്?. അതിന് പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്.
സീബ്രാ ക്രോസിംഗിന്റെ ആശയം എവിടെനിന്നാണ് വന്നത്?
കാല്‍നടയാത്രക്കാര്‍ക്ക് റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാന്‍ പ്രത്യേക പാത ഒരുക്കണമെന്ന ആശയം പുതിയതല്ല. പുരാതന റോമന്‍ നഗരമായ 'പോംപൈയി'ല്‍ പോലും ഈ ആശയത്തോട് സാമ്യമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. അന്നത്തെ റോഡുകളില്‍ വലിയ കല്ലുകള്‍ ഉയര്‍ത്തിവെച്ചിരുന്നു. കാല്‍നടയാത്രക്കാര്‍ക്ക് ചെളിയിലൂടെയോ മഴവെള്ളത്തിലൂടെയോ നേരിട്ട് നടക്കാതെ ആ കല്ലുകള്‍ക്ക് മുകളിലൂടെ റോഡ് മുറിച്ചുകടക്കാന്‍ കഴിയുമായിരുന്നു. ഇന്നത്തെ സീബ്രാ ക്രോസിംഗുമായി ഇതിന് വലിയ വ്യത്യാസമുണ്ടെങ്കിലും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. അതായത് കാല്‍നടയാത്രക്കാര്‍ക്ക് വാഹന ഗതാഗതത്തിനിടയിലൂടെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ഒരു പ്രത്യേക ഇടം ഒരുക്കുക.
ആദ്യത്തെ സീബ്രാ ക്രോസിംഗ് എവിടെയാണ്?
ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുന്ന രീതിയിലുള്ള സീബ്രാ ക്രോസിംഗിന്റെ ചരിത്രം പ്രധാനമായും ബ്രിട്ടനുമായി ബന്ധപ്പെട്ടതാണ്. 1951 ഒക്ടോബര്‍ 31ന് ഇംഗ്ലണ്ടിലെ(STOW) സ്ലൗവിലാണ് ആദ്യത്തെ ഔദ്യോഗിക സീബ്രാ ക്രോസിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചത്. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ വ്യക്തമായ ഒരു സ്ഥലം നല്‍കുകയും ആ സ്ഥലത്തെത്തുമ്പോള്‍ വാഹനങ്ങള്‍ വേഗം കുറയ്ക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു ലക്ഷ്യം. അവിടെ നിന്നാണ് ഇന്ന് ലോകമെമ്പാടും പരിചിതമായ സീബ്രാക്രോസിംഗ് കൂടുതല്‍ വ്യാപകമായത്.
എന്തുകൊണ്ട് 'സീബ്ര'?
സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും നിറത്തിലുള്ള വരകള്‍ എല്ലാവര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. അതുപോലെ തന്നെ റോഡില്‍ വരച്ചിരിക്കുന്ന കട്ടിയുള്ള വെളുത്ത വരകള്‍ ദൂരത്തുനിന്നുതന്നെ ശ്രദ്ധയില്‍പ്പെടും. ഈ വരകള്‍ ഒന്നിനുപുറകെ ഒന്നായി കാണപ്പെടുന്നതിനാല്‍ സീബ്രയുടെ ശരീരത്തിലെ വരകളോട് സാമ്യം തോന്നി. അങ്ങനെയാണ് 'Zebra Crossing' എന്ന പേര് പ്രചാരത്തിലായത്. അതായത് സീബ്രാ ക്രോസിംഗ് എന്ന പേര് വന്നത് സീബ്രകള്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതുമായി എന്തെങ്കിലും ബന്ധമുള്ളതുകൊണ്ടല്ല. റോഡിലെ വരകളുടെ രൂപം സീബ്രയുടെ ശരീരത്തിലെ വരകളോട് സാമ്യമുള്ളതിനാലാണ് ഈ പേര് ലഭിച്ചത്.

