സുൽത്താൻ ബത്തേരി: ഉപഭോക്താക്കൾ അറിയാതെ അവരുടേതല്ലാത്ത വായ്പകൾ സിബിൽ (CIBIL) സ്കോറിലും അക്കൗണ്ടുകളിലും ചേർത്ത് തട്ടിപ്പ് നടത്തുന്നതായി ശ്രീറാം ഫിനാൻസിനെതിരെ പ്രതിഷേധം കനക്കുന്നു. 6,50,000 രൂപയുടെ വായ്പയെടുത്ത ഉപഭോക്താവിന്റെ പേരിൽ 28 ലക്ഷം രൂപയുടെ കുടിശ്ശികയാണ് നിലവിൽ സിബിൽ രേഖകളിൽ കാണിക്കുന്നത്.
6.5 ലക്ഷത്തിന്റെ വായ്പയ്ക്ക് പുറമെ 3 ലക്ഷം, 6.60 ലക്ഷം, 4.90 ലക്ഷം, 6.75 ലക്ഷം എന്നിങ്ങനെ ഉപഭോക്താവുമായി യാതൊരു സാമ്പത്തിക ബന്ധവുമില്ലാത്ത അഞ്ചോളം വ്യാജ വായ്പകളാണ് ഇയാളുടെ പേരിൽ കമ്പനി സിബിൽ ഡാറ്റയിൽ ചേർത്തിട്ടുള്ളത്. കമ്പളക്കാട് മേഖലയിലെ മൂന്നോളം പേരുടെ പേരിൽ സമാനമായ രീതിയിൽ അനധികൃതമായി വായ്പകൾ ചേർത്തിട്ടുണ്ടെന്ന് ബാധിതർ ആരോപിച്ചു.
വ്യാജ വായ്പാ രേഖകൾ ഉയർത്തിക്കാട്ടി നിരവധി ഉപഭോക്താക്കൾ ശ്രീറാം ഫിനാൻസ് ഓഫീസിലെത്തി ശാഖാ അധികൃതരെ ചോദ്യം ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആളുകൾ സമാനമായ രീതിയിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും, ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ അന്വേഷണവും സിബിൽ സ്കോറിലെ പിഴവുകൾ തിരുത്താനുള്ള അടിയന്തര നടപടിയും ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഇരയായവർ മുന്നറിയിപ്പ് നൽകി.

